k-surendran-arrest

പത്തനംതിട്ട: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻ‌ഡ് ചെയ്‌തു. സന്നിധാനത്തേക്കുള്ള യാത്രാമധ്യേ നിലയ്‌ക്കലിൽ വച്ച് ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്.

പത്തനംതിട്ട ജില്ലാ മജിസ്‌ട്രേ‌റ്റാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്‌തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. സംഘം ചേരൽ, പൊലീസിന്റെ കൃത്യനിർഹണം തടസപ്പെടുത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.

അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്. ചിറ്റാർ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പുലർച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്‌ക്കായി പത്തനംതിട്ട ജില്ലാആശുപത്രിയിലെത്തിച്ചു. തുടർന്ന് ഏഴുമണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. ഇതേസമയം, ചിറ്റാർ പൊലീസ് സ്റ്റേഷന് മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധവും നടന്നു.

നേരം പുലരുന്നതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തി ആറ് മണിയോടെ തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാൻ തീരുമാനിച്ചത്. കെ.സുരേന്ദ്രനെ അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ ശനിയാഴ്‌ച രാത്രി സെക്രട്ടേറിയറ്റിന് മുന്നിലേക്കു നടത്തിയ പ്രകടനം സംഘർഷത്തിലാണ് കലാശിച്ചത്.