പത്തനംതിട്ട: സി.പി.എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതികാര നടപടിയാണ് തനിക്കെതിരായ അറസ്‌റ്റെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. തനിക്ക് ജയിലേക്ക് പോകാൻ മടിയില്ല. ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഒരായുസ് മുഴുവൻ ജയിലിൽ കിടക്കാൻ താൻ തയ്യാറാണ്. കഴിഞ്ഞ ദിവസം മുതൽ പൊലീസ് തനിക്കെതിരെയുള്ള കേസുകൾ അന്വേഷിക്കുകയായിരുന്നു. ഇപ്പോഴത്തേത് പൊലീസിന്റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പോവുകയായിരുന്ന തന്നെ പൊലീസ് മർദ്ദിച്ചു. തന്നെ ഗുളിക കഴിക്കാൻ പോലും അനുവദിച്ചിരുന്നില്ല. നിലത്തിട്ട് വലിച്ചിഴച്ചു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാൻ പോലും അനുവദിക്കാത്ത പൊലീസ് കുടിവെള്ളം പോലും നിഷേധിച്ചു. മൂന്ന് മണിക്ക് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റേണ്ട കാര്യമില്ലായിരുന്നു. മുറിവുകളൊന്നുമില്ലെങ്കിലും മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തുണ്ട്. ഇരുമുടിക്കെട്ട് ജയിലിൽ സൂക്ഷിക്കാനും പ്രാർത്ഥന നടത്താനുമുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുരേന്ദ്രന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാനാണ് ബി.ജെ.പി തീരുമാനം. രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ നേരം പ്രധാന പാതകളും ഹൈവേകളും തടയാനാണ് ബി.ജെ.പി തീരുമാനം.