rahul-gandi

റായ്‌പൂർ: റഫേൽ വിവാദത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമ‌ർശനം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫേൽ അഴിമതി സംബന്ധിച്ച് താൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ മോദിക്ക് സാധിക്കില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. 'റഫേൽ വിഷയത്തിൽ ഒരു സംവാദം നടത്താൻ ഞാൻ മോദിയെ വെല്ലുവിളിക്കുകയാണ്. സംവാദത്തിനായി എവിടെയും എത്താൻ ഞാൻ തയ്യാറാണ്. എന്നാൽ, അനിൽ അംബനിയെയും എച്ച്.എ.എല്ലിനെ കുറിച്ചും, ഫ്രഞ്ച് പ്രസി‌ഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും സംസാരിക്കാൻ അദ്ദേഹം തയ്യാറാവണമെന്നും രാഹുൽ പറഞ്ഞു.

15 വർഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഈ ഒഴിവുകൾ പൂ‌‌ർണമായും നികത്തുമെന്നും, ജോലി പുറം കരാർ ന‌ൽകുന്നത് അവസാനിപ്പുക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി. ഛത്തീസ്ഗഡ് രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 20ന് നടക്കും.