ന്യൂയോർക്ക്: അമേരിക്കയിൽ ന്യൂജേഴ്സിയിൽ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയായ സുനിൽ ഹെഡ്‌ലെയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 15 വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
കഴിഞ്ഞ മുപ്പത് വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഹെഡ്‌ലെ ഹോട്ടൽ ജീവനക്കാരനായിരുന്നു. രാത്രി ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമി വെടിയുയർത്തിയത്. ശേഷം പതിനാറുകാരൻ ഹെഡ്‌ലെയുടെ കാറുമായി കടന്നുകളയുകയായിരുന്നു. ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ വെടിയേറ്റതിനാൽ സുനിൽ തൽക്ഷണം മരിച്ചിരുന്നു. കാർ മോഷ്ടിക്കാനായാണ് കൃത്യം നടത്തിയതെന്നും പ്രതിയെ വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
1987ൽ അമേരിക്കയിലേക്ക് കുടിയേറിയ സുനിൽ ഈ മാസാവസാനം നാട്ടിലേക്ക് മടങ്ങി വരാനിരിക്കുകയായിരുന്നു. അമമയുടെ 95ആം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം രണ്ടുമാസത്തെ അവധിയെടുത്തത്.