തിരുവനന്തപുരം: ശബരിമലയിൽ സംഘർഷങ്ങളുണ്ടാക്കിയതിന്റെ പേരിൽ നേതാക്കളുടെ അറസ്‌റ്റ് തുടരുമെന്ന് കേരള പൊലീസ്. തുലാമാസ, ചിത്തിര ആട്ടകാലത്ത് സംഘർഷമുണ്ടാക്കിയതിന്റെ ചുക്കാൻ പിടിച്ചത് ഇപ്പോൾ അറസ്‌റ്റിലായ നേതാക്കളാണ്. ഇക്കാര്യങ്ങളുടെ വ്യക്തമായ തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. ഇവർ വീണ്ടും സന്നിധാനത്ത് എത്തിയാൽ വീണ്ടും സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്‌റ്റ് ചെയ്‌തതെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു. പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സംശയിക്കുന്നവരെ തിരിച്ച് അയയ്‌ക്കുമെന്നും പൊലീസ് വിശദീകരിച്ചു.
അതേസമയം, ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അതൃപ്‌തി രേഖപ്പെടുത്തി. ഭക്തർക്കെന്ന പോലെ പൊലീസുകാർക്കും പരിമിതമായ സൗകര്യങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നതെന്നാണ് പരാതി. ഇത്തരത്തിൽ ഡ്യൂട്ടി ചെയ്യാനാവില്ലെന്നും മതിയായ സൗകര്യങ്ങൾ പൊലീസുകാർക്ക് ഒരുക്കണമെന്നും ഡി.ജി.പി ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റാ കൺസൾട്ടൻസിയോടും ഡി.ജി.പി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാമെന്നാണ് ബോർഡ് അധികൃതർ ഡി.ജി.പിയെ അറിയിച്ചതെന്നാണ് സൂചന.