സന്നിധാനം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ ആരംഭിച്ച മണ്ഡലകാല പൂജയുടെ രണ്ടാം ദിവസവും ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്. അവധി ദിവസമായ ഞായറാഴ്‌ച കൂടുതൽ മലയാളി തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് എത്തിയത്. ഇന്ന് മല ചവിട്ടിയവരിൽ ഏറെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു. കഴിഞ്ഞ വൃശ്ചികപ്പുലരിയിൽ ഒരുലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെന്നാണ് കണക്ക്. ഇക്കുറി അത് പകുതിയായി കുറഞ്ഞു. പുലർച്ചെ നടതുറക്കുമ്പോൾ മിക്ക ദിവസങ്ങളിലും തീർത്ഥാടക നിര മരക്കൂട്ടം വരെ നീളാറുണ്ട്. ഇത്തവണ നടതുറന്ന ദിവസം തന്നെ ഭക്തരുടെ എണ്ണം കുറഞ്ഞത് വരും ദിവസങ്ങളിലും പ്രകടമാകുമെന്നാണ് കണക്കാക്കുന്നത്.
എന്താണ് കാരണം
ശബരിമലയിലെ സംഘർഷാവസ്ഥ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങളെ അകറ്റുന്നുണ്ട്. തമിഴ്നാട്, കർണ്ണാടക തീർത്ഥാട സംഘങ്ങളാണ് ഇതിൽ പ്രധാനം. ഇവർ എത്തിയാലേ ശബരിമലയിലെ ഭണ്ഡാരത്തിൽ കാണിക്ക നിറയൂ. പൊലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് ഇവരെ അകറ്റിനിർത്തുന്നത്. പമ്പയിൽ ചെറുവാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതും നിലയ്‌ക്കലിൽ തീർത്ഥാടകരെ തടയുന്നതും മുൻവർഷങ്ങളിലെ പോലെ രാത്രിയിൽ മലകയറാൻ കഴിയാത്തതും ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതും കാരണങ്ങളാണ്. നിയന്ത്രണങ്ങൾ കാരണം യഥാസമയം ദർശനം നടത്തി മടങ്ങാൻ കഴിയുമോ എന്ന ആശങ്ക ട്രെയിനിൽ റിസർവ് ചെയ്‌ത് വന്നിരുന്നവരേയും മാറിനിൽക്കാൻ നിർബന്ധിതരാക്കുന്നു.
അവശ്യ സൗകര്യങ്ങളുടെ കുറവ്
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിൽ ദേവസ്വം ബോർഡ് കാട്ടിയ കുറ്റകരമായ അനാസ്ഥയും തീർത്ഥാടകരുടെ അതൃപ്തിക്കു കാരണമായി.
കടമുറികൾ ലേലം ചെയ്യുന്നില്ല
സന്നിധാനത്തെ കടമുറികളിൽ പകുതിയിലേറെയും ലേലം ചെയ്യാതെ കിടക്കുകയാണ്. നേരത്തെ ലേലം കൊണ്ടവർ പോലും പണം അടയ്ക്കാതെ പിൻമാറി. മൂന്ന് ദിവസങ്ങളായി ലേലത്തുക നിശ്ചിത ശതമാനം കുറച്ച് ഒാപ്പൺ ലേലം നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം വ്യാപാരികളും സഹകരിക്കുന്നില്ല. നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും മുന്നോട്ടുപോയാൽ തകരുന്നത് ദേവസ്വം ബോർഡിന്റെ സാമ്പത്തിക അടിത്തറകൂടിയാണ്.