തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമസമിതി ഇന്ന് ഗവർണർ പി.സദാശിവത്തെ കാണും. ഔദ്യോഗിക പരിപാടികൾക്കായി ഇടുക്കിയിലുള്ള ഗവർണർ ഇന്ന് രാത്രിയോടെ കോട്ടയം നാട്ടകം ഗസ്‌റ്റ് ഹൗസിലെത്തും. ഇവിടെ വച്ച് രാത്രി എട്ട് മണിക്ക് കർമസമിതിയുമായി കൂടിക്കാഴ്‌ച നടത്താൻ ഗവർണർ അനുമതി നൽകിയെന്നാണ് വിവരം. സന്നിധാനത്ത് നെയ്യഭിഷേകം നടത്തുന്നതിന് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ആവശ്യം.
ശബരിമലയിൽ പൊലീസ് വരുത്തുന്ന ക്രമീകരണത്തിൽ ദേവസ്വം ബോർഡിനും കടുത്ത അമർഷമുണ്ട്. ഇക്കാര്യം ഇന്നലെ തന്നെ ദേവസ്വം ബോർഡ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ ഈ രീതിയിൽ തുടർന്നാൽ ഭക്തരുടെ വരവിൽ വൻ കുറവുണ്ടാകുകയും വരുമാനത്തിൽ ഇടിവുവരികയും ചെയ്യുമെന്നാണ് ബോർഡിന്റെ ആശങ്ക.
നെയ്യഭിഷേകം ചെയ്യാനെത്തുന്ന അയ്യപ്പഭക്തർക്ക് രാത്രി ശബരിമല പരിസരത്ത് തങ്ങാനുള്ള അനുവാദം നൽകണമെന്നതാണ് ബോർഡിന്റെ നിലപാട്. മാത്രമല്ല. ഇങ്ങനെ വരുന്നവർക്ക് തങ്ങാൻ ഗസ്റ്റ് ഹൗസ് നൽകാൻ കഴിയുന്ന സാഹചര്യം വേണമെന്നും ബോർഡ് ആവശ്യപ്പെടുന്നു. ഗസ്റ്റ് ഹൗസ് ബോർഡിന്റെ വരുമാന മാർഗങ്ങളിലൊന്നാണ്. ഓൺലൈൻ വഴി ബുക്ക് ചെയ്താണ് അയ്യപ്പഭക്തർ ശബരിമലയിലേക്ക് എത്തുന്നത്. പൊലീസ് നിർദേശ പ്രകാരം ഇപ്പോൾ ഗസ്റ്റ് ഹൗസുകൾ അടച്ചിട്ടിരിക്കുകയാണ്. രാത്രി എത്തുന്നവർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന കാര്യവും ഇന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ ബോർഡ് പ്രസിഡന്റും അംഗങ്ങളും മുന്നോട്ടു വയ്ക്കും.
അതേസമയം, ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഡി.ജി.പിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങളിലെ ശ്രദ്ധയ്ക്കൊപ്പം ഭക്തരുടെ കാര്യവും ശ്രദ്ധിക്കണം. ശശികല ടീച്ചറുടേതടക്കമുള്ള കരുതൽ അറസ്റ്റ് നടപടികളും, സന്നിധാനത്തെ സ്ഥിതിഗതികളും മുഖ്യമന്ത്രിയെ ഡി.ജി.പി ധരിപ്പിച്ചു.