rss

ശബരിമലയിൽ യുവതീ പ്രവേശനം സാദ്ധ്യമാക്കിയ സുപ്രീം കോടതി വിധി നടപ്പിലാക്കുവാനായി കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവിടെ എത്തുന്ന ബി.ജെ.പി ആർ.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വയ്ക്കുന്ന തന്ത്രമാണ് പൊലീസ് സ്വീകരിക്കുന്നത്.


ഈ അവസരത്തിൽ 1992 അയോദ്ധ്യ സംഭവ വികാസങ്ങൾക്ക് ശേഷം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു എടുത്ത തീരുമാനത്തെ കുറിച്ച് ഫേസ്ബുക്കിൽ കെ.വി.എസ് ഹരിദാസ് നൽകിയ കുറിപ്പ് ശ്രദ്ധേയമായിരുക്കുകയാണ്. 1992ൽ ആർ.എസ്.എസിനെ നിരോധിച്ചശേഷം സംസ്ഥാനങ്ങൾക്ക് നടപടികൾക്കായി നിർദ്ദേശം നൽകുന്നതിനായി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ മുഴുവൻ ആർഎസ്എസ് നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മുന്നിലെത്തിയപ്പോൾ അദ്ദേഹം തിരിച്ച് ചോദിച്ചത് രാജ്യത്തെ ലക്ഷകണക്കിന് വരുന്ന ആർ.എസ്.എസുകാരെ പാർപ്പിക്കുവാൻ എത്ര ലക്ഷം പുതിയ ജയിലുകൾ ഉണ്ടാക്കും എന്നായിരുന്നു. തുടർന്ന് ഉന്നത നേതാക്കളെ മാത്രം അറസ്റ്റ് ചെയ്താൽ മതി എന്ന തീരുമാനമാണ് അന്നെടുത്തത്.


ശബരിമല വിഷയത്തിൽ കേരളത്തിലും സമാനമായ അവസ്ഥയാണ് ഇന്നുള്ളതെന്നും കെ.വി.എസ് ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്രിൻെറ പൂർണരൂപം

1992- ലെ അയോദ്ധ്യ സംഭവവികാസങ്ങൾക്ക് ശേഷം ആർഎസ്എസിനെ നിരോധിച്ചപ്പോൾ ഇനി എന്താണ് വേണ്ടത് എന്ന ചോദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഉയർന്നു. സംസ്ഥാനങ്ങൾക്ക് നിർദ്ദേശം കൊടുക്കാനുള്ള തയ്യാറെടുപ്പാണ്. അതായത് മുഴുവൻ ആർഎസ്എസ് നേതാക്കളെയും അറസ്റ്റ് ചെയ്‌ത് ജയിലിൽ അടക്കണ്ടേ എന്ന്?. മുൻപ് രണ്ട് നിരോധനങ്ങളുടെ സമയത്ത് അങ്ങിനെയാണ് ആർഎസ്എസിനെ നേരിട്ടത് എന്നതറിയാവുന്ന ഉദ്യോഗസ്ഥരും കുറെ കോൺഗ്രസുകാരും 'അതുതന്നെയാവട്ടെ' എന്ന് ചിന്തിക്കുകയും ചെയ്തു. പ്രശ്നം പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മുന്നിലെത്തി. അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു; "ശരി, പക്ഷെ, നിങ്ങൾ എത്ര ലക്ഷം പുതിയ ജയിലുകൾ ഉണ്ടാക്കും?". ഇത്രയേറെ ലക്ഷക്കണക്കിന് ആർഎസ്എസുകാരെ പാർപ്പിക്കാൻ എവിടെയാണ് ജയിലുള്ളത് എന്നതായിരുന്നു റാവുവിന്റെ ചോദ്യം?. അസാധ്യമാണ് ആർഎസ്എസിനെ അങ്ങിനെ നേരിടുന്നത് എന്ന വ്യക്തമായ സൂചനയും റാവുവിന്റെ വാക്കുകളിലുണ്ടായിരുന്നു. അങ്ങിനെയാണ് ഏതാനും നേതാക്കളെ മാത്രം അറസ്റ്റ് ചെയ്യാനും അവരെ ഉടൻതന്നെ ജാമ്യത്തിൽ വിടാനും തീരുമാനിച്ചത്. കേരളത്തിലും സമാനമായ അവസ്ഥയാണോ?. രാഷ്ട്രീയ -ഭരണ നേതൃത്വം എന്തും പറയട്ടെ; ഡിജിപിയും ജയിൽ ഡിജിപിയുമൊക്കെ എന്താണ് ചിന്തിച്ചിരുന്നത് ആവോ?