തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം കോർപ്പറേഷന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നടന്ന വികസന സെമിനാറിനിടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.
സെമിനാറിൽ പങ്കെടുക്കാനായി സ്‌കൂളിന് പുറത്തെത്തിയ മന്ത്രിക്ക് നേരെ കരിങ്കൊടികളുമായി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. സ്‌കൂളിനകത്തും മന്ത്രിക്ക് നേരെ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധം നടത്തി. ഇത് പ്രതിരോധിക്കാൻ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരും എത്തിയതോടെ ചെറിയ തോതിൽ സംഘർഷമുണ്ടായി. സ്‌റ്റേജിലേക്ക് കയറി പ്രതിഷേധിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് നീക്കിയതോടെ സംഘർഷത്തിന് അയവുണ്ടായി.