ശബരിമല: വൃശ്ചികമാസം പുലർന്നുകഴിഞ്ഞാൽ വ്രതമെടുത്ത് മാലയിട്ട് ശബരിമലയിലെത്തി ശ്രീ അയ്യപ്പനെ കണ്ട് തൊഴുത് സായൂജ്യമടയുന്ന ദർശനപുണ്യത്തിന്റെ നാളുകളയിരുന്നു ഇക്കാലമത്രയും വിശ്വാസികളിൽ ഉണ്ടായിരുന്നത്. എന്നാൽ, ശാന്തിയും ശരണഘോഷമന്ത്രങ്ങളാലും മുഖരിതമായിരുന്ന ശബരിമലയും പരിസരപ്രദേശങ്ങളും ഇന്ന് സംഘർഷഭൂമിക്ക് സമാനമായി മാറിയിരിക്കുന്നു.
പൊലീസും ഭക്തനും പരസ്പരം 'സ്വാമി' എന്ന് അഭിസംബോധന ചെയ്‌തിരുന്നിടത്ത് സംശയത്തിന്റെ നോട്ടങ്ങളും കടുത്ത നിയന്ത്രണങ്ങളുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പമ്പ മുതൽ തുടങ്ങുന്നു ഭക്തരുടെ ദുരിതം. പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ പമ്പയും പരിസരവും അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു പോലും കഴിയാത്ത അവസ്ഥ. നിലവിലുള്ള ശൗചാലയങ്ങൾ എല്ലാം തന്നെ എത്തിനോക്കാൻ പോലും കഴിയാത്ത തരത്തിൽ മലവും മൂത്രവും നിറഞ്ഞുകിടക്കുകയാണ്.
ഇതെല്ലാം സഹിച്ച് സന്നിധാനത്തെത്തുന്നവരെ കാത്തിരിക്കുന്നതോ, പൊലീസിന്റെ കടുത്ത നിയന്ത്രണവും. അയ്യപ്പഭക്തർക്ക് വിരിവയ്‌ക്കാനായി ദേവസ്വം ബോർഡ് ടെയിൽസ് പാകി ഒരുക്കിയിരുന്ന പ്രത്യേക സ്ഥലം പോലും പൊലീസ് കയർകെട്ടി പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഇതുകാരണം കടത്തിണ്ണകളിലും മലിനജലം പൊട്ടിയൊഴുകുന്ന ഓരങ്ങളിലുമാണ് ഭക്തർ വിരിവച്ച് കിടന്നുറങ്ങുന്നത്. കൊച്ചുകുട്ടികൾക്ക് പോലും വൃത്തിഹീനമായ സ്ഥലങ്ങളിലാണ് കിടന്നുറങ്ങേണ്ടിവരുന്നത്.
കേരളപൊലീസ് അടിമുടി മാറിക്കഴിഞ്ഞു. ഇതുവരെ ഇല്ലാത്ത തരത്തിൽ സന്നിധാനത്തടക്കം ഷൂ ധരിച്ചാണ് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പോലും പ്രവർത്തിക്കുന്നത്. എന്നാൽ ഇതെല്ലാം നടക്കുമ്പോഴും പൊലീസിന്റെ വിരട്ടലുകളൊന്നും ഗൗനിക്കാത്ത ഒരു വിഭാഗം സന്നിധാനത്തുണ്ട്. മറ്റാരുമല്ല കട്ടുപന്നികളും കുഞ്ഞുങ്ങളും തന്നെയാണ് ആ 'താന്തോന്നികൾ'. പമ്പ മുതൽ സന്നിധാനത്തെ കൊടിമരത്തിന് സമീപത്തു പോലും യഥേഷടം ഇവ വിഹരിക്കുന്നുണ്ട്. കാട്ടുപന്നികളും കുഞ്ഞുങ്ങളും മേഞ്ഞുനടക്കുന്ന പരിസരത്താണ് അരവണ നിർമിക്കുന്ന അടുക്കള സ്ഥിതിചെയ്യുന്നത്. പരിസരത്തിനും ശുചിത്വമില്ല. അടുക്കളയിൽ നിന്നുള്ള പാഴ്‌വസ്‌തുക്കളാണ് അവയുടെ മുഖ്യ ആഹാരം. .
അടുക്കളയിൽ ജോലിയെടുക്കുന്നവർ പലപ്പോഴും പന്നികാഷ്‌ഠം ചവിട്ടിയാണ് നടക്കുന്നത്. അടുക്കളയ്‌ക്ക് ചുറ്റും മതിൽ കെട്ടി പന്നിക്കൂട്ടങ്ങളെയും എലികളെയും തടയണമെന്ന ശുപാർശ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭത്തിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിന്റെ ഡയറക്‌ടർ ഡോ. എം.കെ. മുകുന്ദൻ 2015ൽ നൽകിയിരുന്നങ്കിലും ഇതുവരെ ദേവസ്വം ബോർഡ് അത് നടപ്പാക്കിയിട്ടില്ല.