manohar

ചണ്ഡീഗഡ്: സ്ത്രീകൾ ബലാത്സംഗ കേസുകൾ ഫയൽ ചെയ്യുന്നത് പഴയ കാമുകൻമാരെ തിരികെ കിട്ടാനാണെന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അടുത്തിടെ ഹരിയാനയിൽ നിരവധി ബലാത്സംഗ കേസുകൾ ഫയൽ ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പെൺകുട്ടികൾ മാന്യമായി വസ്ത്രം ധരിച്ചാൽ ആൺകുട്ടികൾ അവരെ മോശമായ രീതിയിൽ നോക്കില്ല എന്ന ഖട്ടറുടെ മുൻ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ബലാത്സംഗങ്ങൾ മുൻപുമുണ്ടായിരുന്നു. എന്നാൽ ഇത്തരം കേസുകൾ ഇപ്പോൾ വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നെന്നും ഖട്ടർ വ്യക്തമാക്കി. പരസ്പരം അറിയാവുന്നവർക്കിടയിലാണ് 90ശതമാനം പീഡനങ്ങളും നടക്കുന്നത്. ഏറെ നാൾ ഒരുമിച്ച് കറങ്ങി നടന്ന ശേഷം അവസാനം പ്രശ്നമുണ്ടാകുമ്പോൾ സ്ത്രീകൾ ബലാത്സംഗ കേസുകൾ ഫയൽ ചെയ്യുകയാണ് ഖട്ടർ പറഞ്ഞു. പഞ്ചകുല ജില്ലയിലെ കൽക്കയിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി വിവാദ പരാമ‍ർശങ്ങൾ ഉന്നയിച്ചത്.

ബലാത്സംഗ കേസുകളിൽ സ്ത്രീകളാണ് ഉത്തരവാദികൾ എന്ന അദ്ദേഹത്തിന്റെ വീക്ഷണം നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജോവാല പറഞ്ഞു. ഈ പ്രസ്താവനകളിലൂടെ ഖട്ടറിന്റെയും സർക്കാരിന്റെയും സ്ത്രീ വിരുദ്ധത വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖട്ടറുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.