trump

വാഷിംഗ്ടൺ: സി.എൻ‌.എൻ റിപ്പോർട്ടർ ജിം അകോസ്റ്റയുടെ പ്രസ‌് പാസ‌് പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവിട്ടു. അമേരിക്കൻ പ്രസിഡന്റ‌് ഡോണാൾഡ‌് ട്രംപിനോട‌് തർക്കിച്ചതിൽ ജിം അകോസ്റ്റയുടെ പ്രസ‌് പാസ‌് റദ്ദാക്കാൻ നടപടിയെടുത്തിരുന്നു. അതിനിടയിലാണ് പ്രസ‌് പാസ‌് കോടതി പുനഃസ്ഥാപിച്ചത്. എന്നാൽ, ഭാവിയിൽ വാർത്താ സമ്മേളനങ്ങളിൽ മോശമായി പെരുമാറിയാൽ അകോസ‌്റ്റയെ വീണ്ടും പുറത്താക്കുമെന്ന പ്രസ‌്താവനയുമായി ട്രംപ‌് രംഗത്തെത്തി. ‘അയാളുടെ പ്രസ‌് പാസ‌് പുനഃസ്ഥാപിച്ചു. അതൊരു വലിയകാര്യമല്ലെന്നും ഫോക‌്സ‌് ന്യൂസിന‌് നൽകിയ അഭിമുഖത്തിൽ ട്രംപ‌് പറഞ്ഞു. വൈറ്റ് ഹൗസിൽ വച്ച് നടന്ന പത്രസമ്മേളനത്തിനിടെയാണ് സി.എൻ.എൻ റിപ്പോർട്ടർ ജിം അകോസ്റ്റയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കിയത്. അമേരിക്കയിലേക്ക് വരുന്ന കുടിയേറ്റക്കാരെ പറ്റിയുള്ള ചോദ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്.

റിപ്പോർട്ടറുടെ ചോദ്യം ട്രംപ് ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിടാതെ കൂടിയ അകോസ്റ്റയുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങാൻ വൈറ്റ് ഹൗസ് ജീവനക്കാരി ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് ജീവനക്കാരിയുടെ ദേഹത്ത് അകോസ്റ്റ കൈ വച്ചു എന്ന് പറഞ്ഞ് പുറത്താക്കുകയായിരുന്നു. അകോസ്റ്റ നിരന്തരം ചോദ്യം ചോദിച്ചതുമൂലം മറ്റു മാധ്യമപ്രവർത്തകർക്ക‌് സംസാരിക്കാൻ അവസരം കിട്ടിയില്ലെന്നും ട്രംപ‌് വാദിച്ചു. ട്രംപുമായി തർക്കിച്ച അകോസ്റ്റയുടെ പ്രസ‌് പാസ‌് റദ്ദുചെയ‌്തതിനെതിരെ സി.എൻ.എന്നാണ‌് കോടതിയിൽ പരാതി നൽകിയത‌്.