തിരുവനന്തപുരം: കുടുംബാംഗംങ്ങൾ മരിച്ചാൽ ഒരു വർഷം കഴിയാതെ ശബരിമലയിലെത്തില്ലെന്ന ആചാരം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ലംഘിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. സ്വന്തം പെറ്റമ്മ മരിച്ചിട്ട് നാല് മാസം പോലും തികയുന്നതിന് മുമ്പാണ് അദ്ദേഹം ശബരിമല ദർശനത്തിനെത്തിയത്. ആചാരങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സുരേന്ദ്രന് ഇത്തരം ആചാരങ്ങളൊന്നും ബാധകമല്ലേയെന്നും മന്ത്രി ചോദിച്ചു. തനിക്ക് പൊലീസ് സ്‌റ്റേഷനിൽ പീഡനം നേരിട്ടുവെന്ന സുരേന്ദ്രന്റെ ആരോപണത്തെയും മന്ത്രി നിഷേധിച്ചു. സുരേന്ദ്രന് ആവശ്യമായ സൗകര്യങ്ങളെല്ലാം സ്‌റ്റേഷനിൽ ഒരുക്കിയിരുന്നു. ഇക്കാര്യം സ്‌റ്റേഷനിലെ സി.സി.ടി.വി കാമറ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ജൂലായ് 5നാണ് സുരേന്ദ്രന്റെ അമ്മ മരിക്കുന്നത്. ഇതിന് മൂന്ന് മാസങ്ങൾക്ക് ശേഷം തുലാമാസ പൂജയ്‌ക്ക് നട തുറന്നപ്പോൾ താൻ സുരേന്ദ്രനെ സന്നിധാനത്ത് വച്ച് കണ്ട് മുട്ടിയിരുന്നു. ആചാരത്തിന്റെ പേര് പറഞ്ഞവർ തന്നെ അത് ലംഘിക്കുകയാണ്. വിശ്വാസങ്ങളും ആചാരങ്ങളുമല്ല രാഷ്ട്രീയമാണ് തങ്ങൾക്ക് പ്രധാനമമെന്നാണ് ഇക്കൂട്ടരുടെ നിലപാട്. സുരേന്ദ്രനെ കസ്‌റ്റഡിയിൽ സൂക്ഷിച്ചിരുന്ന ചിറ്റാർ പൊലീസ് സ്‌റ്റേഷനിലെ സി.ഐയെ താൻ വിളിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളെല്ലാം സുരേന്ദ്രന് നൽകിയെന്നാണ് സി.ഐ മറുപടി നൽകിയത്. ഉറങ്ങാൻ ബെഞ്ചും കുടിക്കാൻ ചൂടുവെള്ളവും മരുന്നും ഭക്ഷണവും എല്ലാം നൽകി. ഇക്കാര്യം സ്‌റ്റേഷനിലെ സി.സി.ടി.വി പരിശോധിച്ചാൽ മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനെയും മന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. വൃശ്ചികം ഒന്നിന് ഹർത്താൽ പ്രഖ്യാപിക്കുക എന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ശബരിമല മണ്ഡലകാലം തുടങ്ങുക മാത്രമല്ല, സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും ചിറപ്പ് മഹോത്സവം തുടങ്ങുന്നതും ഇതേദിവസമാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സംസ്ഥാനത്ത് നിന്നുമുള്ള പതിനായിരകണക്കിന് തീർത്ഥാടകർ മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് ശബരിമലയിലേക്ക് ദർശനം നടത്താൻ എത്തുന്നതാണ്. ഹിന്ദു മത വിശ്വാസികൾ പവിത്രമായി കാണുന്ന ദിനവുമാണ് വൃശ്ചികം ഒന്ന്. എന്നാൽ ഇത്തരമൊരു പരിഗണനയും കൂടാതെ വൃശ്ചികം ഒന്നാം തീയതി പുലർച്ചെ ഹർത്താൽ പ്രഖ്യാപിക്കുകയാണ് ഹിന്ദു ഐക്യവേദിയും, ബി.ജെ.പിയും ചെയ്തിരിക്കുന്നത്. തങ്ങളുടെ അജണ്ടയ്ക്ക് മുമ്പിൽ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും പ്രാധാന്യമുള്ളതല്ലെന്ന് ബി.ജെ.പിയും സംഘപരിവാരവും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.