ഞാൻ രാജിവയ്ക്കാൻ ഉണ്ടായ സാഹചര്യം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ ? കുപ്രചരണങ്ങളിൽ പ്രതിഷേധിച്ചും ആത്മാഭിമാനം നഷ്ടപ്പെടുത്താൻ തയ്യാറല്ലാത്തത് കൊണ്ടും മാത്രമാണ് തസ്തികയിൽ കടിച്ചു തൂങ്ങി കിടക്കാതിരുന്നത്. ഞാൻ നിയമിതയായ നാൾ മുതൽ എന്നെയും കുടുംബത്തെയും അപമാനിക്കാൻ കരുതികൂട്ടി നടത്തിയ വൃത്തിഹീനമായ പല പ്രവൃത്തികൾക്കുമുള്ള മറുപടി കൂടിയാണ് എന്റെ രാജി.
ഡോംടെക് ഡയറക്ടർ പദവിക്ക് അർഹതയില്ലാത്തയാളാണ് ഞാനെന്നും യോഗ്യതയില്ലെന്നും ആയിരുന്നു ആദ്യം മുതലുള്ള കുപ്രചരണം. മൂന്ന് പതിറ്റാണ്ട് കാലത്തെ എന്റെ വിദ്യാർത്ഥി സമ്പത്ത് ലോകത്തിന്റെ നാനാഭാഗത്തായി പല ഉന്നത മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. ഇന്ന് നമ്മുടെ നാട്ടിൽ ഒരു ബംഗാളിക്ക് കിട്ടുന്നതിനെക്കാൾ കുറഞ്ഞ ശമ്പളത്തിൽ ജോലിക്ക് പോകാൻ തയ്യാറായത് പണം മോഹിച്ചിട്ടല്ലെന്ന് എന്നെ അറിയുന്ന ആർക്കും അറിയാം. മറിച്ച് എന്തിനായിരുന്നുവെന്ന് ഈ ചുരുങ്ങിയ കാലയളവിൽ ഞാൻ ചെയ്ത പ്രവൃത്തികൾ ശ്രദ്ധിച്ചാലറിയാം.
വിദ്യാർത്ഥികൾ 5000 (പ്രീഡിഗ്രി ഉള്ളപ്പോൾ) മുതൽ 3500 (ഡിഗ്രി, പി.ജി) വരെ ഉള്ള കേരളത്തിലെ ആദ്യത്തെ എയ്ഡഡ് കോളേജുകളിൽ ഒന്നും നാക് എ + ഗ്രേഡും കരസ്ഥമാക്കിയ കേരള യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ആലപ്പുഴ സനാതനധർമ്മ കോളേജിൽ ഏഴ് വർഷം വിദ്യാർത്ഥിനിയായും 31 വർഷം അദ്ധ്യാപികയാകുകയും തുടർന്ന് വൈസ് പ്രിൻസിപ്പൽ, എച്ച്.ഒ.ഡി എന്ന നിലയിൽ വിരമിക്കുകയും ചെയ്‌തയാളാണ് ഞാൻ. അധിക വിദ്യാഭ്യാസ യോഗ്യതകളായ എം.ബി.എ (ഇഗ്നോ), കേരള യൂണിവേഴ്സിറ്റി അംഗീകരിച്ച മറ്റ് പി.ജി. ഡിഗ്രികളും എം.ഫിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. 2011 ന് ശേഷം (അതിന് മുമ്പുള്ളത് കൂടി എടുത്താൽ അധികമാകും) 54 പബ്ലിക്കേഷൻസ്, 80 ദേശീയ അന്തർദേശീയ സെമിനാറുകളിൽ പങ്കെടുക്കുകയും 50 പേപ്പറുകൾ അവതരിപ്പിക്കുകയും ചെയ്‌തു. യു.ജി.സിയുടെ ട്രെയിനർ,
രണ്ട് തവണ കേരള യൂണിവേഴ്സിറ്റി എം.കോം പരീക്ഷാ ബോർഡ് ചെയർമാൻ, കേരള യൂണിവേഴ്സിറ്റി എം.കോം പി.ജി ബോർഡ് മെമ്പർ, മൂന്ന് വർഷം എൻ.എസ്.എസ് ന്റെ പ്രോഗ്രാം ഓഫീസർ, അഞ്ച് വർഷം വനിത സെല്ലിന്റെ കോ-ഓർഡിനേറ്റർ, അഞ്ച് വർഷം വനിത ഹോസ്റ്റലിന്റെ വാർഡൻ, അഞ്ച് പി.എച്ച്.ഡികാരുടെ ഗൈഡ് ഇതൊക്കെയാണ് ഞാൻ. അങ്ങനെയൊരാൾ ഏത് രീതിയിലാണ് അയോഗ്യയാകുന്നത് ?
തികച്ചും മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്റർവ്യൂവിൽ പങ്കെടുത്ത ആറ് പേരിൽ നിന്ന് , ആരുടെയും ശുപാർശയില്ലാതെ ഞാൻ ഒന്നാമതെത്തിയത്. ഇപ്രകാരമാണ് എ.പി.ഐ.സ് കോർ - അക്കാഡമിക് ക്വാളിഫിക്കേഷൻ - 18.04 മാർക്ക് , പി.എച്ച്.ഡിക്ക് - 10 മാർക്ക്, എം.ബി.എ - അഞ്ച് മാർക്ക് പി.എച്ച്.ഡി ഗൈഡ് ഷിപ്പ് - അഞ്ച് മാർക്ക് പബ്ലിക്കേഷൻ - 10 മാർക്ക് ദേശീയ അന്തർദേശീയ സെമിനാറുകൾ -10 മാർക്ക്,
റിസർച്ച് പ്രോജക്ട് - അഞ്ച് മാർക്ക് എന്നിവ ചേർത്ത് 63.04 ഉം ഇന്റർവ്യൂവിന് 15 മാർക്കും കൂടി ആകെ 78.04 മാർക്കാണ് ലഭിച്ചത്. രണ്ടാംസ്‌ഥാനത്തുള്ള ആളിന് 67.94 ഉം മൂന്നാം സ്ഥാനത്തുള്ളയാൾക്ക് 64.57 ഉം നാലാം സ്ഥാനകാരന് 58.64 ഉം അഞ്ചാം സ്ഥാനകാരന് 58.40, ആറാംസ്ഥാനകാരിക്ക് (വൈസ് പ്രിൻസിപ്പൽ ആയി വിരമിച്ച അദ്ധ്യാപിക) 54 ഉം ആണ്. ഞാൻ മാത്രമല്ല വൈസ് പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുത്തത്. അങ്ങനെ തൊട്ടടുത്ത അപേക്ഷകനെക്കാൾ 10 മാർക്കിന്റെ വ്യത്യാസത്തിലാണ് ഞാൻ ഒന്നാമതെത്തിയത്.
ആർക്കും അത് ആർ.ടി.ഐ പ്രകാരം പരിശോധിക്കാവുന്നതാണ്. ജി.സുധാകരൻ എന്ന കറകളഞ്ഞ രാഷ്ട്രീയക്കാരന്റെ ഭാര്യയായതാണോ എന്റെ അയോഗ്യത ? അതാണോ സ്വജനപക്ഷപാതവും അഴിമതിയും? സമൂഹത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയ്ക്ക് സുതാര്യമായി ജോലിക്ക് പോകാൻ സ്വാതന്ത്ര്യമില്ലെ ? ആരുടെയും
സ്ഥാനമാനങ്ങൾ തട്ടിപ്പറിക്കലല്ല ഞങ്ങളുടെ ജോലി. വിരമിച്ച് കഴിഞ്ഞാൽ രാഷ്‌ട്രീയക്കാരന്റെ ഭാര്യയായതു കൊണ്ട് വീട്ടിൽ അടയ്ക്കപ്പെടണമെന്നാണോ?
ഡോംടെക് 2016 ലെ ബഡ്‌ജറ്റിൽ കേരള യൂണിവേഴ്സിറ്റി സെനറ്റിൽ കൂടെ പാസാക്കിയെടുത്തതാണ് ഇത്. ഡോംടെക്കിന്റെകീഴിൽ 51 സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരള യൂണിവേഴ്സിറ്റി
നേരിട്ട് നടത്തുന്നത്. ( 34 യു.ഐ.ടി കൾ, 6 യു.ഐ.എംകൾ, 10 ബി.യെഡ് സെന്ററുകൾ ഒരു ബിടെക് എഞ്ചിനീയറിംഗ് കോളേജ്). ഇതെല്ലാം ഓരോ മുതിർന്ന പ്രൊഫസർമാരാണ് നോക്കി നടത്തിയിരുന്നതെന്ന തെറ്റിദ്ധാരണ ചില മാധ്യമങ്ങൾ നൽകിയിരുന്നു. ആദ്യകാലങ്ങളിൽ ഇതെല്ലാം നോക്കാൻ ഒരു കോ-ഓർഡിനേറ്റർ ഉണ്ടായിരുന്നു. പിന്നീട് ആ തസ്തിക ഇല്ലാതായി. അതിന് ശേഷം രണ്ടും മൂന്നും വർഷം സർവീസുള്ള യൂണിവേഴ്സിറ്റിയിലെ ചില അദ്ധ്യാപകരെ ഇത് ഏൽപ്പിച്ചിരുന്നു. അതിനെയാണ് 'സീനിയർ പ്രൊഫസർമാർ' എന്ന് തെറ്റിദ്ധരിപ്പിച്ചത്. ഇവരുടെ പ്രവർത്തനങ്ങളിൽ അതൃപ്തരായി ഇതിനെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ഈ സ്വാശ്രയങ്ങളിലെ ജീവനക്കാർ നിരന്തരം സമരം ചെയ്യുകയും നിരാഹാരം കിടക്കുകയും ചെയ്‌തതിന്റെ ഫലമാണ് ഡോംടെക് എന്നതാണ് യാഥാർത്ഥ്യം.
ഒരു സപ്പോർട്ടിംഗ് സ്റ്റാഫിനെ പോലും നാളിതുവരെ നൽകിയില്ല. അഞ്ച് മാസത്തെ ഡോംടെക് ഡയറക്ടർ എന്ന നിലയിലുള്ള എന്റെ പ്രവർത്തനം പൊതുജന മധ്യത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. മിക്ക സെന്ററുകളിലും നേരിട്ട് പരിശോധന നടത്തി നിശ്ചയിച്ച മാനദണ്ഡങ്ങളുടെയും, കണ്ട വിവരങ്ങളുടെയും, രക്ഷകർത്താക്കളും, അദ്ധ്യാപക-അനദ്ധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് ഓഫീസിൽ വന്ന് ശ്രദ്ധയിൽപ്പെടുത്തിയതുമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്.
ബി.എഡ് സെന്ററുകൾ നാഷണൽ അക്രെഡിറ്റേഷനിൽ പ്രവർത്തിക്കേണ്ടത് കൊണ്ട് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. യു.ഐ.എം കളിൽ ഒരെണ്ണം മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. എൻജിനീയറിംഗ് കോളേജ് കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്നത് കൊണ്ട് വലിയ ആക്ഷേപമില്ല. വിരലിലെണ്ണാവുന്ന രണ്ടോ മൂന്നോ യു.ഐ.റ്റി സെന്ററുകൾക്കേ ഭൗതിക സൗകര്യങ്ങൾ കണ്ടുള്ളൂ. പലതും ശോച്യാവസ്ഥയിലാണ്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനേക്കാൾ, എണ്ണം കുറച്ച് മികച്ച സൗകര്യങ്ങളോടു കൂടി ഉന്നത വിദ്യാഭ്യാസ സൗകര്യം നൽകുന്നതിനുള്ള പശ്ചാത്തലം ഒരുക്കണമെന്ന് ആദ്യമായി ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിച്ചു. അതിനായി രാജിവയ്ക്കുന്നത് വരെ നിരന്തരം പരിശ്രമിച്ചു.
ആലപ്പുഴ, പത്തനാപ്പുരം, പിരപ്പൻകോട്, കൊട്ടാരക്കര, കുറവൻകോണം, കൊല്ലം ഗവ: എച്ച്.എസ്, എന്നിവിടങ്ങളിലെ യു.ഐ.റ്റി കൾ മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ അന്തരീക്ഷം ഉള്ളതാണ്. മലയിൻകീഴ് യു.ഐ.റ്റി മാറ്റാനിരിക്കുന്നു. കാഞ്ഞിരംകുളം (മാർക്കറ്റിന് അകത്ത് ആണെങ്കിലും) ഭേദപ്പെട്ട സ്ഥലത്തേക്ക് തത്ക്കാലം മാറ്റി. വെള്ളറട കെട്ടിടം പണി തീരുമ്പോൾ സൗകര്യപ്രദമാകും. പുതിയ സെന്ററുകളിൽ ഒന്നായ നെയ്യാറ്റിൻകര ധാരാളം കുട്ടികളുമായി വളരെ പരിമിതിയിലാണ്.
അടൂർ യു.ഐ.റ്റി ശബ്ദമലിനീകരണവും സ്ഥലപരിമിതിയും അനുഭവിക്കുന്നു. മണ്ണടി യു.ഐ.റ്റി വലിയ പ്രശ്നമില്ലാതെ പോകുന്നു. വള്ളക്കടവ് യത്തീംഖാനയുടെ ഷോപ്പിംഗ് കോപ്ലക്സിൽ വളരെ കഷ്ടപ്പെട്ട് മൂന്ന് മുറിയും ഒരൊറ്റ ശുചിമുറിയുമായി നടക്കുന്നു. നിലവിൽ നാല് ക്ലാസുകൾ രണ്ട് ക്ലാസ് മുറികളിൽ മൂന്ന് മൂന്ന് ദിവസങ്ങൾ വീതം ഒന്നാം വർഷത്തിനും രണ്ടാം വർഷത്തിനും ശനിയാഴ്ചയും വെച്ചാണ് ക്ലാസ് നടത്തുന്നത്. ഈ രീതിയിൽ മുന്നോട്ട് പോകുന്നത് ഉചിതമല്ല. തൊളിക്കോട് യു.ഐ.റ്റി അങ്ങേയറ്റം പരിതാപകരമായ അന്തരീക്ഷത്തിൽ പഞ്ചായത്ത് കെട്ടിടത്തിൽ കെ.എസ്.ഇ.ബി ഓഫീസിനൊപ്പം പ്രവർത്തിക്കുന്നു. മുഖത്തല യു.ഐ.റ്റി കെട്ടിടത്തിന് ഒരു വർഷത്തേക്ക് കൂടി മാത്രമെ അനുവാദമുള്ളൂ. അതിനുശേഷം എങ്ങോട്ട് എന്ന് കാലേക്കൂട്ടി തീരുമാനിക്കണം. കൊട്ടാരക്കരയിൽ ബി.കോമിന് കുട്ടികളെ കിട്ടുമെന്നിരിക്കെ, സൗകര്യമില്ലാത്ത കാരണത്താൽ ബി.കോമില്ലാതെ എം.കോം നടത്തുന്നു. പുതിയതായി തുടങ്ങിയ ആറ് സെന്ററുകളിലെങ്കിലും മാന്യമായ രീതിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കണം.
കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു പഠനം നടത്തി യൂണിവേഴ്സിറ്റിയുടെ സ്വാശ്രയ സ്ഥാപനങ്ങൾക്ക് ഒരു പദ്ധതി തയ്യാറാക്കി കൊടുക്കുന്നത്. ഇതിന് വേണ്ടി യാത്രാകൂലി അടക്കം പ്രതിഫലം ഞാൻ വാങ്ങിയിട്ടില്ല. സന്ദർശിച്ച സെന്ററുകളിൽ നിന്നെല്ലാം നിരവധി ആവശ്യങ്ങൾ ജീവനക്കാരും വിദ്യാർത്ഥികളും ഉന്നയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഒരു അടിയന്തര പ്രവർത്തന പരിപാടി ഞാൻ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചിരുന്നു.
1. വ്യക്തമായ അക്കാഡമിക് കലണ്ടർ, മാസ്റ്റർ ടൈം ടേബിൾ, മൂവ്മെന്റ് രജിസ്റ്റർ, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രജിസ്റ്റർ, മുതലായവ എല്ലാ സ്വാശ്രയ യൂണിറ്റുകൾക്കും വേണം. ഇത്
ഭൂരിഭാഗം സെന്ററുകളിലുമില്ല.
2. ഇന്റേണൽ മാർക്കുകൾ വ്യക്തമായ അടിസ്ഥാനത്തിലല്ല നൽകുന്നത്. ചില അദ്ധ്യാപകർ ആത്മനിഷ്ടമായാണ് വിലയിരുത്തുന്നതെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ ഇത് വിദ്യാർത്ഥി അദ്ധ്യാപക ബന്ധത്തെ ഇല്ലായ്മ ചെയ്യുന്നു. അറ്റന്റൻസ്, അസൈൻമെന്റ്, ടെസ്റ്റ് പേപ്പറുകൾ, സെമിനാർ എന്നിവ കർശനമായി നിയന്ത്രണവിധേയമായിരിക്കണം.
3. മിക്ക സെന്ററുകളിലും പരീക്ഷ ഡ്യൂട്ടിക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് കൊണ്ടും പരീക്ഷാഹാളിൽ സി.സി.റ്റി.വി വയ്ക്കാത്തതിനാലും വ്യാപകമായി കോപ്പിയടി നടക്കുന്നു.
4. പരീക്ഷയ്ക്ക് എല്ലാ സെന്ററുകളിലും സ്‌ക്വാഡ് പലപ്പോഴും ഇല്ലെന്നാണ് അറിഞ്ഞത്. നിർബന്ധമായും ഏർപ്പെടുത്തേണ്ടതാണ്.
5. അദ്ധ്യാപക/വിദ്യാർത്ഥി ഉന്നമനമില്ലായ്മ ഭൂരിഭാഗം സെന്ററുകളിലും പ്രകടമാണ്. സെമിനാറുകളിൽ പങ്കെടുക്കുവാൻ ജോലി സമയം അനുവദിക്കുക. പേപ്പർ പ്രസന്റേഷൻ ഉണ്ടെങ്കിൽ മാത്രം അതിനു യാത്രബത്ത /
ഡ്യൂട്ടി ലീവ് എന്നിവ സെന്ററിൽ നിന്നും നൽകാവുന്നതാണ്.
6. അദ്ധ്യാപകർക്ക് ഒരിക്കൽ പോലും ഓറിയന്റേഷൻ / റിഫ്രഷർ / വർക്ക്‌ഷോപ്പ് (വിഷയം മാറുന്ന സമയത്ത്) നൽകിയിട്ടില്ല. പെഡഗോഗി എന്താണെന്ന് അറിയുന്നില്ല. ആയതിനാൽ ഇത് അത്യാന്താപേക്ഷിതമാണ്.
7. അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ യാതൊരു പ്രോത്സാഹനമോ / പ്രചോദനമോ ഇല്ലെന്ന് അഭിപ്രായപ്പെട്ടു.
8. ഒരു സപ്പോർട്ടിംഗ് സ്റ്റാഫുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. പ്രിൻസിപ്പൽ ഇൻ ചാർജ്ജിലുള്ളവരെ എന്തെങ്കിലും പരിശീലനം നൽകാതെ ഓരോ സെന്ററുകളിലും നിയമിച്ചിട്ടുണ്ട്. അത്
സെന്ററുകളുടെ വളർച്ചയെ ബാധിച്ചതായി കണ്ടു.
9. പ്രിൻസിപ്പൽമാർ അവരവരുടെ സെന്ററുകളിൽ ക്ലാസുകൾ എടുക്കേണ്ടതായിട്ടുണ്ടോ? യു.ഐ.റ്റി, യു.ഐ.എം കളിലെ പ്രിൻസിപ്പൽമാർ ഗസ്റ്റ് അദ്ധ്യാപകരായി മറ്റ് സെന്ററുകളിൽ പോയി ക്ലാസ് എടുക്കുന്നതും അതിനുള്ള
പാരിതോഷികം വാങ്ങുകയും ചെയ്യുന്നത് (ശമ്പളത്തിന് പുറമെ) ഉചിതമോ ?
( തുടരും )