ps-sreedaran-pillai
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

കോട്ടയം: പിണറായി വിജയന്റെയും സംസ്ഥാന സർക്കാരിന്റെയും മുന്നിൽ മുട്ടുമടക്കില്ലെന്നും ബി.ജെ.പി പോരാട്ടം തുടരുമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച് ഇന്ത്യൻ ഭരണഘടനയിലെ മൂല്യങ്ങളെ പോലും അവഹേളിച്ച് കൊണ്ടാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന ഒരു ഭരണകൂടം ഇവിടെയില്ലെന്നതിന്റെ തെളിവാണിത്. കള്ളക്കേസിൽ കുടുക്കിയാണ് കെ.സുരേന്ദ്രനെ തടങ്കലിൽ ഇട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസിനെ അക്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യുന്ന ദൃശ്യങ്ങളിൽ അദ്ദേഹം സമാധാന പരമായി പൊലീസിനോട് ഇടപെടുന്നത് എല്ലാവരും കണ്ടതാണ്. ആചാരങ്ങൾ പാലിക്കുന്നവരെ പോലും പൊലീസുകാർ അറസ്‌റ്റ് ചെയ്യുകയാണ്. ഇൗ നീക്കത്തിന്​ മുന്നിൽ മുട്ടുമടക്കില്ല. ഭരണകൂടത്തി​ന്റെ നടപടികളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പരിഷ്‌കൃതമായ കേരള സമൂഹത്തോട് കാണിക്കുന്നത്​ നീതികേടാണ്​. പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം. എന്തും ചെയ്യാമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.

കെ.സുരേന്ദ്രൻ ആചാരങ്ങൾ ലംഘിച്ചാണ് ശബരിമലയിലെത്തിയതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തെയും അദ്ദേഹം നിഷേധിച്ചു. ഓരോ സ്ഥലത്തും ഓരോ ആചാരങ്ങളാണെന്നും ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ മരിച്ച് നാല് മാസം കഴിയുന്നതിന് മുമ്പാണ് സുരേന്ദ്രൻ ശബരിമലയിലെത്തിയത് എന്നായിരുന്നു മന്ത്രിയുടെ ആരോപണം.