ഇറ്റലിയിലെ കല്യാണാഘോഷങ്ങൾക്ക് ശേഷം ബോളിവുഡ് താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുക്കോണും ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ന് രാവിലെയാണ് ഇരുവരും മുംബെെയിൽ തിരിച്ചെത്തിയത്. വൻ തിരക്കാണ് താര ദമ്പതികളെ കാണാൻ മുംബെെ വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. വിമാനത്താവളത്തിൽ നിന്നും ആരാധകർക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്‌ത ശേഷമാണ് ഇരുവരും വീട്ടിലേക്ക് തിരിച്ചത്. താരങ്ങളുടെ വേഷങ്ങളും ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്. ബീജ് നിറത്തിലുള്ള കുർത്തയും ആനകളുടെ ചിത്രമുള്ള പിങ്ക് ജാക്കറ്റണിഞ്ഞ് രൺവീറും, ബീജ് കളർ ചുരിദാറും എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമണിഞ്ഞാണ് ദീപികയെത്തിയത്. സീമന്തരേഖയിൽ സിന്ദൂരവും ചാർത്തിയിരുന്നു. വിമാനത്താവളത്തിലിറങ്ങിയ ശേഷം മുംബൈയിലെ രൺവീറിന്റെ വീടായ ഭാവ്നായി റെസിഡൻസിയിലേയ്‌ക്കാണ് തിരിച്ചത്.
ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് കൊങ്കണി ആചാരപ്രകാരമായിരുന്ന വിവാഹം. സിക്ക് മതാചാര പ്രകാരവും വിവാഹച്ചടങ്ങുകൾ നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.