തിരുവനന്തപുരം: ശബരിമലയിൽ മുൻ കാലങ്ങളിൽ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ തടയാൻ പൊലീസ് നടത്തുന്ന ശക്തമായ ഇടപെടലുകളെ പ്രതിരോധിക്കാൻ ബി.ജെ.പിയുടെ മറുതന്ത്രം.നേതാക്കന്മാരെ അറസ്‌റ്റ് ചെയ്യുന്നത് രാഷ്ട്രീയ നേട്ടമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിനായി ഓരോ ദിവസവും ഓരോ സംസ്ഥാന നേതാക്കളെ സന്നിധാനത്തേക്ക് എത്തിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്‌ണൻ നാളെ സന്നിധാനത്തേക്ക് എത്താനും ധാരണയായിരുന്നു. എന്നാൽ ഇക്കാര്യം കുറച്ച്കൂടി കടുപ്പിച്ച് ദേശീയ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ നീക്കം.
ദേശീയ നേതാക്കൾക്കൊപ്പം ഓരോ ദിവസവും ബി.ജെ.പിയുടെ ഓരോ എം.പിമാരെക്കൂടി സന്നിധാനത്തേക്ക് എത്തിക്കാനും ബി.ജെ.പി പദ്ധതിയിടുന്നുണ്ട്. അങ്ങനെ എം.പിമാർ വന്നാൽ സംസ്ഥാന സർക്കാരിന് മതിയായ സുരക്ഷ നൽകേണ്ടി വരും. എം.പിമാർ സന്നിധാനത്തെത്തി സർക്കാരിനെതിരെ പരാമർശങ്ങൾ നടത്താനും ഇത് ഇടയാക്കും. അതിനിടെ കേരളത്തിൽ ബി.ജെ.പി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ആർ.എസ്.എസ് ദേശീയ നേതൃത്വവും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പിണറായി വിജയന്റെയും സംസ്ഥാന സർക്കാരിന്റെയും മുന്നിൽ മുട്ടുമടക്കില്ലെന്നും ബി.ജെ.പി പോരാട്ടം തുടരുമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച് ഇന്ത്യൻ ഭരണഘടനയിലെ മൂല്യങ്ങളെ പോലും അവഹേളിച്ച് കൊണ്ടാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന ഒരു ഭരണകൂടം ഇവിടെയില്ലെന്നതിന്റെ തെളിവാണിത്. കള്ളക്കേസിൽ കുടുക്കിയാണ് കെ.സുരേന്ദ്രനെ തടങ്കലിൽ ഇട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസിനെ അക്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യുന്ന ദൃശ്യങ്ങളിൽ അദ്ദേഹം സമാധാന പരമായി പൊലീസിനോട് ഇടപെടുന്നത് എല്ലാവരും കണ്ടതാണ്. ആചാരങ്ങൾ പാലിക്കുന്നവരെ പോലും പൊലീസുകാർ അറസ്‌റ്റ് ചെയ്യുകയാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.