kodiyeri-balakrishnan

തിരുവനന്തപുരം: ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരത്തിന് കേരളത്തിലെ 5 ശതമാനം പേരുടെ മാത്രമേ പിന്തുണയുള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. ബാക്കി 95 ശതമാനം പേരും ഈ സമരങ്ങൾക്കെതിരാണ്. ഇക്കൂട്ടർ മൗനം പാലിച്ചിരിക്കുന്നത് കൊണ്ടാണ് ആർ.എസ്.എസിന് അക്രമം നടത്താൻ കഴിയുന്നത്. ഈ 95 ശതമാനം പേരും ഉണരുകയെന്നതാണ് അക്രമങ്ങളെ തടയാനുള്ള മാർഗമെന്നും കോടിയേരി പറഞ്ഞു.

ശബരിമലയുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ആർ.എസ്.എസിന്റെ ശ്രമം. മന്ത്രിമാർ പോകുന്നിടത്തെല്ലാം കുഴപ്പങ്ങളുണ്ടാക്കുന്നത് ഇതിന്റെ സൂചനയാണ്. കേരളത്തിൽ ഒരു വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാനാണ് ആർ.എസ്.എസ് ശ്രമം. ആർ.എസ്.എസുകാരുടെ അക്രമങ്ങൾ അതിന്റെ പുതിയ പതിപ്പാണ്. ദിവസേന ഓരോ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിന് മുന്നിൽ കേരളം കീഴടങ്ങില്ലെന്ന് ബി.ജെ.പിക്കാർ ഓർക്കണം. വിശ്വാസത്തിന്റെ പേര് പറഞ്ഞ് വിശ്വാസികൾക്കെതിരായാണ് ബി.ജെ.പി സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ ഹർത്താൽ ഇതിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.