സന്നിധാനം: ശബരിമലയിൽ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് അസൗകര്യങ്ങൾ മറച്ച് പിടിക്കാനാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ആരോപിച്ചു. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും കടുത്ത അനാസ്ഥ മൂലം തീർത്ഥാടകർ കൊടിയ ദുരന്തമാണ് അനുഭവിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തന്മാർ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനെത്തിയ അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ എന്നിവർക്കൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെത്തിയ എം.എൽ.എമാർ കെ.എസ്.ആർ.ടി.സി, ശുചിമുറി ബ്ലോക്ക്, ക്ലോക്ക് റൂം, സ്‌നാനഘട്ടം തുടങ്ങിയവ സന്ദർശിച്ചു. തീർത്ഥാടകർ കയറിയ കെ.എസ്.ആർ.ടി.സി ബസുകൾ ഉച്ചയ്‌ക്ക് നിലയ്‌ക്കലിൽ രണ്ടും മൂന്നും മണിക്കൂർ പിടിച്ചിട്ടിരുന്നു. ഇവരോടും എം.എൽ.എ സംഘം സംസാരിച്ചിരുന്നു. ചെറിയ കുട്ടികൾ അടക്കമുള്ള സംഘത്തിന് കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ലെന്നും പൊലീസുകാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും തങ്ങളോട് പരാതി പറഞ്ഞുവെന്നും എം.എൽ.എമാർ വ്യക്തമാക്കി.