nss

ചങ്ങനാശേരി: വിശ്വാസികളുടെ വികാരം മാനിക്കാതെ യുദ്ധസമാനമായി പൊലീസിനെ വിന്യസിച്ച് കാര്യങ്ങൾ നടത്താനുള്ള സർക്കാർ നീക്കമാണ് ശബരിമലയിൽ നടപ്പിലാക്കുന്നതെന്നും ഇത്തരം നടപടികളാണ് കാര്യങ്ങൾ വഷളാക്കിയതെന്നും എൻ.എസ്.എസ്.
സർക്കാർ ജനങ്ങൾക്കായി പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയിൽ പറയുന്നു.

എത് വിധ മതവിഭാഗത്തിൽ പെട്ടവർക്കും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് ഏത് വിശ്വാസിക്കും ദർശനം നടത്താവുന്ന കാനന ക്ഷേത്രമാണ് ശബരിമലയെന്നും ഇവിടെ ഭക്തർക്ക് ഇപ്പോൾ യാതനയുടെ കാലമാണെന്നും പ്രസ്താവനയിൽ പറയുന്നു. സുരക്ഷയുടെ പേരിൽ മുമ്പൊരിക്കലുമില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പൊലീസ് ഭരണമാണ് സർക്കാർ നടപ്പാക്കുന്നത്. ഭക്തർക്ക് പമ്പയിലോ സന്നിധാനത്തോ എത്താൻ പോലും കഴിയുന്നില്ല.

സുപ്രീം കോടതി വിധിക്കതിരെ സംസഥാനത്തിനകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലും റിവ്യൂ ഹർജി നൽകാനോ സാവകാശ ഹർജി നൽകാനോ ദേവസ്വം ബോർഡോ സംസ്ഥാന സർക്കാരോ തയ്യാറാകാതെ തിടുക്കത്തിൽ വിധി നടപ്പാക്കാൻ ശ്രമിക്കുകയാണ്. ആചാരം പാലിച്ച് ശബരിമലയിലെത്തുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടി അപകടകരമാണെന്നും ഇത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.