sasikala-teacher

ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി പോകുന്നതിനിടെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയെ മുൻകരുതലിന്റെ പേരിൽ പൊലീസ് കസ്‌‌റ്റഡിയിലെടുത്തതും പിന്നീട് ജാമ്യം ലഭിച്ചതും ഏറെ രാഷ്ട്രീയ കോലാഹലങ്ങൾക്ക് ഇടയാക്കിയിരുന്നു. മരക്കൂട്ടത്തിന് സമീപത്ത് നിന്ന് അർദ്ധരാത്രിയിൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത ശശികലയെ റാന്നി പൊലീസ് സ്‌റ്റേഷനിലും തിരുവല്ല ആർ.ഡി.ഒയ‌്‌ക്ക് മുന്നിലും ഹാജരാക്കിയപ്പോൾ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശബരിമലയിലേക്ക് തിരിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ ആചാര പ്രകാരമുള്ള പ്രായപരിധി തികയാതെയാണ് കെ.പി.ശശികല മല ചവിട്ടിയതെന്ന ആരോപണമാണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്‌തത്.

ആചാര പ്രകാരം പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ വിലക്കുണ്ട്. ഇത്തരം വിലക്കുകൾ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധി അടിസ്ഥാനമാക്കി മല ചവിട്ടാനെത്തിയ ആരെയും പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല.എന്നാൽ ഈ വിലക്ക് 1968ൽ ജനിച്ച ശശികലയ്‌ക്ക് ബാധകമല്ലേ എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം. ഇക്കാര്യത്തിലെ സത്യം തിരക്കാതെ നിരവധി പേർ ഇത് സംബന്ധിച്ച പോസ്‌റ്റുകളിട്ടു. മാദ്ധ്യമ പ്രവർത്തകരും സിനിമാ പ്രവർത്തകരും വരെ ഇക്കൂട്ടത്തിലുണ്ട്.

ഒടുവിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി കെ.പി.ശശികല തന്നെ രംഗത്തെത്തി. 'എന്നെ പ്രസവിച്ച എന്റെ അമ്മ പറയുന്നു 1963മെയ്23നാണ് എന്ന് പക്ഷെ സഖാക്കൾ എന്നെ പ്രസവിച്ചത് 1968ൽ മാത്രം' എന്നായിരുന്നു ശശികലയുടെ പോസ്‌റ്റ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി വിധി വന്ന ഒക്‌ടോബർ 28നാണ് പാലക്കാട് ജില്ലയിലെ വല്ലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന ശശികല വിരമിച്ചത്. സെപ്‌തംബർ 30വരെ സർവീസ് ഉണ്ടായിരുന്നുവെങ്കിലും വി.ആർ.എസ് എടുത്ത് 35 വർഷത്തെ അദ്ധ്യാപക ജീവിതം അവർ അവസാനിപ്പിക്കുകയായിരുന്നു.