പനാജി.ഗോവയിൽ നാളെ ആരംഭിക്കുന്ന 49ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സജീവമായ മലയാളീ സാന്നിദ്ധ്യം സവിശേഷതയാകും.ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത ' ഓള്' ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമാകുമ്പോൾ മത്സര വിഭാഗത്തിൽ ജയരാജിന്റെ ' ഭയാനക'വും ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ മ യൗ' വും മാറ്റുരയ്ക്കും.
മത്സര വിഭാഗത്തിലെ 15 ചിത്രങ്ങളിൽ ഇന്ത്യയുടെ എൻട്രിയായി മൂന്ന് ചിത്രങ്ങളാണുള്ളത്. ഈ രണ്ട് മലയാള ചിത്രങ്ങൾക്ക് പുറമേ ചേഴിയാൻ റാ സംവിധാനം ചെയ്ത ടുലെറ്റ് എന്ന തമിഴ് ചിത്രവും ഇതിൽ ഉൾപ്പെടുന്നു.മലയാളത്തിൽ നിന്നും ബംഗാളിൽ നിന്നുമായി ആറു വീതം ചിത്രങ്ങളാണ് പനോരമയിൽ പ്രദർശിപ്പിക്കുന്നത്.എബ്രിഡ് ഷൈനിന്റെ പൂമരം,സക്കറിയായുടെ 'സുഡാനി ഫ്രം നൈജീരിയ',റഹീം ഖാദറിന്റെ 'മക്കന' എന്നിവയാണ് പനോരമയിലെ മറ്റു മലയാള ചിത്രങ്ങൾ.ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ദി സോഡ് ഓഫ് ലിബർട്ടി,വിനോദ് മങ്കരയുടെ ലാസ്യം ,രമ്യാരാജിന്റെ മിഡ് നൈറ്റ് റൺ എന്നീ ഹൃസ്വചിത്രങ്ങൾ നോൺ ഫീച്ചർ വിഭാഗത്തിലും പ്രദർശിപ്പിക്കുന്നുണ്ട്.ഓളിന്റെ ആദ്യ പ്രദർശനം 21 ന് 11 മണിക്കാണ്.
ആസ്പേൺ പേപ്പേഴ്സ് ഉദ്ഘാടന ചിത്രം
68 രാജ്യങ്ങളിൽ നിന്ന് 212 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിൽ ജൂലിയാൻ ലാൻഡേ സംവിധാനം ചെയ്ത ഇംഗ്ളീഷ് ചിത്രമായ ദി ആസ്പേൺ പേപ്പേഴ്സ് ഉദ്ഘാടന ചിത്രമാകും.ഹെൻറി ജെയിംസിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്ത ഈ ചിത്രത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും തദവസരത്തിൽ സന്നിഹിതരാകും.അഭിനേതാക്കളിൽ പ്രശസ്ത സംവിധായകൻ റോമൻ പൊളാൻസ്കിയുടെ മകൾ മോർഗാനെ പൊളാൻസ്കിയും ഉൾപ്പെടുന്നു.ജർമ്മൻ ചിത്രം സീൽഡ് ലിപ്സ് സമാപന ചിത്രമാകും.
പനോരമയിൽ മമ്മൂട്ടിയുംദുൽഖറും
പനോരമ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻമ്പും ദുൽഖർ നായകനായ മഹാനദിയും ഉൾപ്പെടുന്നു.മഹാനടിയായ സാവിത്രിയുടെ ജീവിതം പറയുന്ന ഈ ചിത്രത്തിൽ സാവിത്രിയെ അവതരിപ്പിച്ചത് കീർത്തി സുരേഷാണ്.
ഇസ്രായേലി സംവിധായകൻ ഡാൻ വോൾമാനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.ചലച്ചിത്രയുടെ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് മുമ്പെത്തിയിട്ടുള്ള വോൾമാൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്.
ശ്രീദേവിക്ക് ആദരവ്
അന്തരിച്ച എം.കരുണാനിധി,നടി ശ്രീദേവി,വിനോദ് ഖന്ന ,ശശികപൂർ,കൽപ്പനാ ലജ്മി തുടങ്ങിയവരുടെ ഓർമ്മകൾക്ക് ചലച്ചിത്രോത്സവം ആദരവർപ്പിക്കും.
ബെർഗ് മാന്റെ 7 ചിത്രങ്ങൾ
വിശ്രുത സംവിധായകൻ ഇംഗ്മർ ബെർഗ്മാന്റെ ഏഴ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.ഉദാഘാടന ചടങ്ങിൽ അക്ഷയ്കുമാർ ഉൾപ്പെടെ വൻ താര നിര പകെടുക്കും.