ബംഗളൂരു: മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് ത്രീവീലറായ ട്രിയോ വിപണിയിലെത്തി. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്‌ടർ ഡോ. പവൻ ഗോയങ്ക, മഹീന്ദ്ര ഇലക്‌ട്രിക് സി.ഇ.ഒ മഹേഷ് ബാബു എന്നിവർ ചേർന്ന് ട്രിയോ വിപണിയിലിറക്കി. ട്രിയോ, ട്രിയോ യാരീ എന്നീ വേരിയന്റുകളാണ് ഈ ഇലക്‌ട്രിക് ഓട്ടോയ്‌ക്കുള്ളത്. 1.36 ലക്ഷം രൂപയാണ് ബംഗളൂരു എക്‌സ്‌ഷോറൂം വില. ഇത് ബംഗളൂരുവിലെ ഫെയിം സബ്‌സിഡി ഉൾപ്പെട്ട വിലയാണ്.
നഗരയാത്രകൾക്ക് ഇണങ്ങുംവിധമാണ് ട്രിയോയുടെ രൂപകല്‌പന. കാലാവസ്ഥയെ പ്രതിരോധിക്കാൻ കട്ടിയുള്ള ടോപ്പും ഉപയോഗിച്ചിരിക്കുന്നു. വിശാലമായ അകത്തളവും ശബ്‌ദരഹിത എൻജിനും മികച്ച യാത്രാസുഖം സമ്മാനിക്കും. 5.4 കിലോവാട്ട് കരുത്തും 30 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള ലിഥിയം അയൺ ബാറ്ററിയാണ് ട്രിയോയിലുള്ളത്. ബാറ്ററി ഫുൾ ചാർജിൽ 130 കിലോമീറ്രർ വരെ ഓടാം. രണ്ട് കിലോവാട്ട് കരുത്തും 17.5 എൻ.എം ടോർക്കുമുള്ള ലിഥിയം അയൺ ബാറ്ററിയാണ് ട്രിയോ യാരീയെ നിയന്ത്രിക്കുന്നത്. ട്രിയോ മണിക്കൂറിൽ 45 കിലോമീറ്രർ വരെയും യാരീ 24.5 കിലോമീറ്റർ വരെയും പരമാവധി വേഗത കൈവരിക്കും.
രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ടെക്‌നോളജി പ്ളാന്റിനും ബംഗളൂരുവിൽ മഹീന്ദ്ര തുടക്കമിട്ടു. 100 കോടി രൂപയാണ് നിർമ്മാണച്ചെലവ്. കർണാടക വ്യവസായ മന്ത്രി കെ.ജി. ജോർജ് പ്ളാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററി പായ്ക്ക്, മോട്ടോർ, പവർ ഇലക്‌ട്രോണിക്‌സ് എന്നിവയാണ് ഇവിടെ നിർമ്മിക്കുക. 200 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്.