കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ അരനൂറ്റാണ്ടിലേറെക്കാലം നിറസാന്നിദ്ധ്യമായിരുന്ന എൻ.ഇ. ബാലറാമിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാവുകയാണ്. 1919 നവംബർ 20 നാണ് ബാലറാം ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസാണ്.

സ്വാതന്ത്ര്യ സമരസേനാനി, ഭാരതീയ തത്വചിന്തയിലും മാർക്സിസത്തിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന സൈദ്ധാന്തികൻ, ചരിത്രകാരൻ, ബഹുഭാഷാ പണ്ഡിതൻ, സാഹിത്യ നിരൂപകൻ,കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കന്മാരിൽ ഒരാൾ, സമർത്ഥനായ സംഘാടകൻ, പാർലമെന്റേറിയൻ തുടങ്ങി നാനാതുറകളിൽ ബാലറാം മായാത്ത മുദ്ര പതിപ്പിച്ചു.


കുട്ടിക്കാലത്തുതന്നെ സംസ്‌കൃതത്തിൽ പാണ്ഡിത്യംനേടാൻ ബാലറാമിനു കഴിഞ്ഞു. കുടുംബത്തിലെ അന്തരീക്ഷമാണ് അതിനു സാഹചര്യമൊരുക്കിയത്. സംസ്‌കൃതത്തിലുംവേദങ്ങളിലും പണ്ഡിതയായിരുന്ന മുത്തശ്ശിയാണ് ബാലറാമിന്റെ ആദ്യ ഗുരു. മാർക്സിസം-ലെനിനിസത്തിലെ ആഴത്തിലുള്ള പരിജ്ഞാനവും സംഘടനാപാടവവും ത്യാഗപൂർണമായ പ്രവർത്തനശൈലിയും ബാലറാമിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെനേതൃനിരയിലേക്ക് ഉയർത്തി. ഭാരതീയ തത്വചിന്തയിലും മാർക്സിസത്തിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന ചുരുക്കംനേതാക്കന്മാരിൽ ഒരാളായിരുന്നു ബാലറാം. ഭാരതീയ തത്വചിന്തയിലെ ഒരു പ്രബല ധാരയായ ഭൗതികവാദത്തെ തമസ്‌കരിക്കാൻ ആശയവാദത്തിന്റെ വക്താക്കൾ നടത്തിയ ശ്രമങ്ങൾ പൊളിക്കുന്നതിൽ ബാലറാം നിസ്തുലമായ പങ്കാണ് വഹിച്ചത്. ഹിന്ദുത്വത്തിന്റെ ആശയ പ്രചാരകന്മാർ ജനങ്ങളെ വഴിതെറ്റിക്കാൻ വളരെ സമർത്ഥമായാണ് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ഉപയോഗിക്കുന്നത്. ഹിന്ദുത്വവാദികളുടെ പ്രചരണതന്ത്രത്തിന്റെ ഗൂഢലക്ഷ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളുംലേഖനങ്ങളും മതേതര ശക്തികളുടെ കയ്യിലെ കരുത്തുറ്റ ആയുധങ്ങളാണ്. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും തത്വശാസ്ത്രവും വസ്തുനിഷ്ഠമായി മനസിലാക്കാൻ ശ്രമിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് ബാലറാമിന്റെ രചനകൾ.


കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിലൊരാളായ ബാലറാം ഒരു ദശാബ്ദത്തിലേറെക്കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെകേന്ദ്ര സെക്രട്ടേറിയേറ്റിലുംദേശീയ നിർവാഹകസമിതിയിലും അംഗമെന്ന നിലയിൽദേശീയതലത്തിലും ബാലറാം ദീർഘകാലംനേതൃത്വപരമായ പങ്കുവഹിച്ചു. 1964 ലെ ഭിന്നിപ്പിനെ തുടർന്നുള്ള ദുഷ്‌കരമായ സാഹചര്യത്തിൽകേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്ന ദൗത്യവുമായി അദ്ദേഹം രാപകലില്ലാതെ പ്രവർത്തിച്ചു.
പക്വമതിയായ സാഹിത്യവിമർശകനും നല്ലൊരു ആസ്വാദകനുമായിരുന്നു ബാലറാം. സാഹിത്യത്തോടും കലയോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ സവിശേഷത അതിൽ സെക്‌ടേറിയനിസത്തിന് സ്ഥാനമില്ലെന്നതായിരുന്നു. അത്യന്താധുനിക പ്രവണതകളെ സഹിഷ്ണുതയോടെ കാണാനും വിലയിരുത്താനും അവയിലെ ക്രിയാത്മകവശങ്ങൾ എടുത്തുകാട്ടാനും അദ്ദേഹത്തിനു കഴിഞ്ഞു.


പൊതുജീവിതത്തിൽ പുലർത്തിയ ലാളിത്യവും സംശുദ്ധിയുമാണ് ബാലറാമിന്റെ മറ്റൊരു പ്രത്യേകത. അധികാരത്തോടും സ്ഥാനമാനങ്ങളോടും അദ്ദേഹത്തിന് അശേഷം താല്പര്യമില്ലായിരുന്നു. പാർട്ടി നിർബന്ധിച്ചാണ് അദ്ദേഹത്തെ നിയമസഭയിലേക്കും പാർലമെന്റിലേക്കുമെല്ലാം അയച്ചത്. തുടർന്ന് അദ്ദേഹം അച്ചുതമേനോൻ മന്ത്രിസഭയിൽ അംഗമായി. അധികം കഴിയുംമുമ്പ് ആദ്യം ലഭിച്ച അവസരം ഉപയോഗിച്ച് മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തു.


സാമൂഹ്യ മാറ്റങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർക്കെല്ലാം ഒരു മാതൃകയാണ് ബാലറാമിന്റെ ജീവിതം. വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുംലേഖനങ്ങളും എഴുതി. രാഷ്ട്രീയം, ചരിത്രം, തത്വശാസ്ത്രം, സാഹിത്യം, ഉപന്യാസം തുടങ്ങി ബാലറാം പരാമർശിക്കാത്ത വിഷയങ്ങൾ വിരളമാണ്. കാലത്തെ അതിജീവിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകളിൽ മിക്കതും. ബാലറാമിന്റെ ലളിതമായ ശൈലിയും ശുദ്ധമായ ഭാഷയും, സങ്കീർണമായ വിഷയങ്ങൾപോലും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായകമാണ്. ബാലറാമിന്റെ രചനകൾ പ്രചരിപ്പിക്കുക എന്നതാണ് ജന്മശതാബ്ദി ആഘോഷവേളയിലെ സുപ്രധാന കടമ.