അമൃത്‌സർ: പ്രാർത്ഥനയ്ക്കിടെ ആരാധനാലയത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന്പേർ കൊല്ലപ്പെട്ടു. ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ട്പേർ പ്രാർത്ഥന നടന്നുകൊണ്ടിരുന്ന നിരൻകരി ഭവനിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.
ജാഇഷ് മുഹമ്മദ് സംഘത്തിലെ ഏഴോളം ഭീകരർ ഈ പ്രദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചിരുന്നു. ഇവിടെ നിന്ന് ഡൽഹിയിലേക്ക് കടക്കാനാണ് ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുറ്റവാളികൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
ഒരുതരത്തിലുള്ള പ്രകോപനവുമില്ലാതെയാണ് ഇവർ ആൾക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിഞ്ഞത്. ഇവർക്കെതിരെ തീവ്രവാദ കുറ്റമായിരിക്കും ചുമത്തുകയെന്ന് പൊലീസ് മേധാവി സുരേഷ് അറോറ പറഞ്ഞു.അമൃത്‌സർ എയർപ്പോർട്ടിന് എട്ട് കിലോമീറ്റർ ദൂരത്തിലാണ് ആക്രമണം നടന്നത്.പരിക്കേറ്റ പതിനഞ്ചുപേരെയും ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോയെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിനെതിരായി ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. മുഖ്യമന്ത്രി അമരേന്തർ സിംഗ് അക്രമണത്തിൽപെട്ടവർക്ക് 5ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു.