അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിലെ പ്രാർത്ഥാനാ കേന്ദ്രത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ മുഖം മൂടി സംഘം പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ഗ്രേനഡുകൾ വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു.
ജെയ്ഷെ മുഹമ്മദ് സംഘത്തിലെ ഏഴോളം ഭീകരർ പഞ്ചാബിൽ ഭീകരാക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയായിരുന്നു. ഇതിനിടയിലാണ് നഗരത്തിൽ നിന്നും മാറി ഗ്രാമ പ്രദേശത്ത് ആക്രമണം നടന്നത്. സംഭവസ്ഥലത്ത് നിന്ന് ഡൽഹിയിലേക്ക് കടക്കാനാണ് അക്രമികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുറ്റവാളികൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
ഒരുതരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇവർ ആൾക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിഞ്ഞത്. ഇവർക്കെതിരെ തീവ്രവാദ കുറ്റമായിരിക്കും ചുമത്തുകയെന്ന് പൊലീസ് മേധാവി സുരേഷ് അറോറ പറഞ്ഞു.അമൃത്‌സർ വിമാനത്താവളത്തിന് എട്ട് കിലോമീറ്റർ ദൂരത്തിലാണ് ആക്രമണം നടന്നത്.പരിക്കേറ്റ പതിനഞ്ചുപേരെയും ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോയെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. മുഖ്യമന്ത്രി അമരേന്ദർ സിംഗ് അക്രമണത്തിൽപെട്ടവർക്ക് 5ലക്ഷം രൂപ ധനസഹായം വാഗ്‌ദാനം ചെയ്തു.