chinmayi

ചെന്നൈ: തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂവിലൂടെ ലൈംഗികാരോപണം ഉന്നയിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമായ ചിന്മയി ശ്രീപാദയെ മുന്നറിയിപ്പുകളില്ലാതെ ഡബ്ബിംഗ് ആർട്ടിസ്റ്രുകളുടെ സംഘടനയിൽ നിന്ന് പുറത്താക്കി. സൗത്ത് ഇന്ത്യൻ സിനി ആൻഡ് ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിംഗ് ആർട്ടിസ്റ്റ്സ് യൂണിയന്റേതാണ് തീരുമാനം. എന്നാൽ രണ്ട് വർഷമായി ഇവർ വരിസംഖ്യ അടയ്ക്കാത്തതിനാലാണ് നടപടി എന്നാണ് യൂണിയന്റെ വിശദീകരണം. ഇനി തമിഴ് ചലച്ചിത്രങ്ങൾക്കുവേണ്ടി ശബ്ദം നൽകാൻ തനിക്ക് വിലക്കുണ്ടെന്നും ചിന്മയി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ നടപടിക്കു പിന്നിലെ കാരണം നിസാരമാണെന്നും അവർ വ്യക്തമാക്കി. അടുത്തിടെ സൂപ്പർ ഹിറ്റായ തമിഴ് ചിത്രം 96ലെ മിക്ക പാട്ടുകൾ പാടിയതും നായിക തൃഷയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയതും ചിന്മയിയാണ്. ''തമിഴ് സിനിമയിലെ നിയമമനുസരിച്ച് അസോസിയേഷനിൽ അംഗമല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. നേരത്തേ വിവരമറിയിക്കാതെയാണ് ഈ നടപടി. ഇനി ഇവിടെ ജോലി ചെയ്യാൻ സാധിക്കുമോ എന്നറിയില്ല" -ചിന്മയി പറഞ്ഞു.