aiyf

തിരുവന്തപുരം: ശബരിമലയെ മുൻനിർത്തി കലാപം സൃഷ്ടിക്കാനാണ് സംഘ് പരിവാർ ശ്രമിക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അതിന്റെ നേതാക്കൾ ശബരിമലയിലേക്ക് പോകുന്നത് ഭക്തിയുടെ പേരിലല്ല. വിശ്വാസത്തിന്റെ പേരിൽ അമ്പലങ്ങളിൽ പോകുന്നവർ നിയമം ലംഘിച്ച് മാത്രമേ പോകൂ എന്ന് വാശിപിടിക്കുന്നത് എന്തിനാണ്?

തുലാമാസ പൂജകളുടേയും ചിത്തിര ആട്ടവിശേഷത്തിന്റെയും സമയത്ത് സന്നിധാനം കേന്ദ്രീകരിച്ച് ആക്രമണങ്ങൾ സംഘടിപ്പിച്ച മാതൃകയിൽ ഈ ഉത്സവകാലത്തും അക്രമങ്ങൾ സംഘടിപ്പിക്കാനാണ് സംഘ്പരിവാർ നീക്കം. ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണം.

ആചാരങ്ങളുടെ പേരിൽ സമരം ചെയ്യുന്നവർ ആചാര ലംഘനമാണ് നടത്തുന്നത്. ഇരുമുടികെട്ട് വലിച്ചെറിഞ്ഞ് വിശ്വാസത്തെ അപമാനിച്ച ബി.ജെ.പി നേതാവ് ആ കുറ്റം പൊലീസിനുമേൽ ചാർത്തുന്നത് വൈകാരികമായ പ്രക്ഷുബ്ദത സൃഷ്ടിക്കാനാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള അക്രമങ്ങളെ പ്രബുദ്ധ കേരളം ചെറുത്തു തോൽപ്പിക്കുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ പറഞ്ഞു.