rbi

കൊച്ചി: കേന്ദ്രസർക്കാരുമായുള്ള തർക്കം മുറുകുന്നതിനിടെ റിസർവ് ബാങ്കിന്റെ നിർണായക ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് നടക്കും. റിസർവ് ബാങ്കിന്റെ പ്രവർത്തനത്തിൽ ആർ.ബി.ഐ ആക്‌ട് സെക്‌ഷൻ 7 പ്രകാരം കൈകടത്തുന്ന കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഗവർണർ ഉർജിത് പട്ടേൽ ഇന്നത്തെ യോഗത്തിൽ രാജിപ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞവാരം ഉർ‌ജിത് പട്ടേൽ കൂടിക്കാഴ്‌ച നടത്തിയ സാഹചര്യത്തിൽ ഉടനൊരു രാജിപ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് റിസർവ് ബാങ്ക് വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നത്.

അതേസമയം, റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന് തൃപ്‌തിയില്ലാത്ത വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ ഉർജിത് പട്ടേലിനെയും ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയെയും ബോർഡിലെ സ്വതന്ത്ര അംഗങ്ങളും ധനമന്ത്രാലയം നോമിനേറ്ര് ചെയ്‌ത അംഗങ്ങളും ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. റിസർവ് ബാങ്കിന്റെ വായ്‌പാ നയങ്ങളോടാണ് കേന്ദ്ര സർക്കാരിന് കടുത്ത എതിർപ്പുള്ളത്. 21 പൊതുമേഖലാ ബാങ്കുകളിൽ 11 എണ്ണത്തെയും റിസർവ് ബാങ്ക് പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ) എന്ന ശിക്ഷണ നടപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിഷ്‌ക്രിയ ആസ്‌തി കുത്തനെ കൂടിയ ബാങ്കുകളാണ് പി.സി.എ നടപടി നേരിടുന്നത്. ഇവയ്‌ക്ക് വായ്‌പാ വിതരണത്തിന് അനുമതിയില്ല. ഇത്, വായ്‌പാ വിതരണ വള‌ർച്ചാനിരക്ക് കുറച്ചുവെന്നും സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ (എം.എസ്.എം.ഇ) സാമ്പത്തിക മൂലധന പ്രതിസന്ധിയിലേക്ക് തള്ളിയെന്നുമാണ് ധനമന്ത്രാലയത്തിന്റെ വാദം. ജി.എസ്.ടി സുഗമമായി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെ വായ്‌പാലഭ്യത കുറയ്‌ക്കുന്ന പി.സി.എ പോലുള്ള നടപടി അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.

12 കോടിപ്പേർ തൊഴിലെടുക്കുന്ന എം.എസ്.എം.ഇ മേഖലയ്ക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുണ്ട്. ബാങ്ക് ഒഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, യൂകോ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് ശിക്ഷണ നടപടികൾ നേരിടുന്നവ.

ബോർഡിൽ 18 പേർ

റിസർവ് ബാങ്ക് ഗവർണർ, നാല് ഡെപ്യൂട്ടി ഗവർണർമാർ (ഇവർ മുഴുവൻ സമയ ഒഫീഷ്യൽ ഡയറക്‌ടർമാരാണ്) എന്നിവർക്ക് പുറമേ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്‌ത 13 പേരും ഉൾപ്പെടുന്നതാണ് റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡ്. കേന്ദ്രം നോമിനേറ്ര് ചെയ്‌തവരിൽ ഒരാൾ എക്കണോമിക് അഫയേഴ്സ് സെക്രട്ടറിയും മറ്റൊരാൾ ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറിയുമാണ്.

റിസർവ് ബാങ്കിനെ

ചൊടിപ്പിച്ചത് സെക്‌ഷൻ 7

പൊതുവേ റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടാറില്ല. അടിയന്തര സാഹചര്യത്തിൽ റിസർവ് ബാങ്ക് ആക്‌ട് സെക്‌ഷൻ ഏഴ് പ്രകാരം കേന്ദ്രത്തിന് ഇടപെടാനുമാകും. എന്നാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിൽ തകർന്നപ്പോൾ പോലും നടത്താത്ത ഇടപെടൽ ഈ ചട്ടം ചൂണ്ടിക്കാട്ടി, മോദി സർക്കാർ നടത്തുന്നതിനോടാണ് ഗവർണർ ഉർ‌ജിത് പട്ടേലിന് എതിർപ്പുള്ളത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്ന് മൂന്നരലക്ഷം കോടി രൂപ കേന്ദ്രം ചോദിച്ചുവെന്ന വിലയിരുത്തലും തർക്കത്തിന് കളമൊരുക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ജനപ്രിയ പദ്ധതികൾ നടപ്പാക്കാനും പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകാനും ധനക്കമ്മി പിടിച്ചുനിറുത്താനും ഈ തുക ഉപയോഗിക്കാനാകും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, റിസർവ് ബാങ്കിനോട് പണം ചോദിച്ചിട്ടില്ലെന്ന് സർക്കാർ പിന്നീട് വ്യക്തമാക്കിയിരുന്നു.

രാജിയോട് സർക്കാരിനും

താത്പര്യമില്ല

റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ തൃപ്‌തരല്ലെങ്കിലും ഗവർണർ ഉർജിത് പട്ടേൽ രാജിവയ്‌ക്കുന്നതിനെ സർക്കാർ പിന്തുണക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ അദ്ദേഹം രാജിവയ്‌ക്കുന്നത് ക്ഷീണമാകുമെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. കേന്ദ്രബാങ്കിന്റെ മേധാവി സർക്കാരിനോട് ഇടഞ്ഞ് രാജിവച്ചു എന്ന പ്രതീതി നിക്ഷേപകർക്കിടയിൽ ഇന്ത്യയുടെ പ്രതിച്‌ഛായ മോശമാക്കിയേക്കുന്ന വിലയിരുത്തലുമുണ്ട്.