khattar

ചണ്ഡിഗഢ്: സ്ത്രീകൾ മാനഭംഗ പരാതികൾ ഉന്നയിക്കുന്നത് പഴയ കാമുകന്മാരുമായി പിണങ്ങുമ്പോഴാണെന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ വിവാദ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. ഹരിയാനയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഖട്ടർ വിവാദ പ്രസ്താവന നടത്തിയത്.

''ഹരിയാനയിൽ മാനഭംഗങ്ങൾ വർദ്ധിച്ചിട്ടില്ല. നേരത്തേയും നടന്നിട്ടുണ്ട്. 80 മുതൽ 90 ശതമാനം വരെ പീഡനങ്ങളും നടക്കുന്നത് പരസ്പരം പരിചയമുള്ളവർക്കിടയിലാണ്. കുറേനാൾ ഒരുമിച്ച് ചുറ്റിത്തിരിഞ്ഞ് പ്രശ്‌നമുണ്ടാകുമ്പോൾ മാനഭംഗപ്പെടുത്തി എന്ന് സ്ത്രീകൾ പരാതിപ്പെടുന്നു" എന്നായിരുന്നു ഖട്ടറിന്റെ പ്രസ്താവന.

പ്രസ്താവനയിലൂടെ ഖട്ടറിന്റെയും ബി.ജെ.പിയുടെയും സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഖട്ടറിന്റെ പ്രസ്താവന അപലപനീയമാണെന്നും മാപ്പു പറയണമെന്നും ഹരിയാനയിലെ ആം ആദ്മി കൺവീനർ നവീൻ ജയ്‌ഹിന്ദ് ആവശ്യപ്പെട്ടു.

സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനങ്ങൾ വർദ്ധിക്കാൻ കാരണമെന്നും ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാൽ പീഡനങ്ങൾ കുറയ്ക്കാമെന്നും 2014ലും ഖട്ടർ വിവാദ പ്രസ്താവന നടത്തിയിരുന്നു.