hisbul

ശ്രീനഗർ: ജമ്മുകാശ്മീരിൽ ഹിസ്ബുൾ ഭീകര‌ർ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ ഇന്നലെ ഒരു വിദ്യാർത്ഥിയെ കൂടി തട്ടിക്കൊണ്ടുപോയി. ഷോപ്പിയാനിലെ മെമന്ദറിൽ നിന്നാണ് ഇന്നലെ സുഹൈൽ അഹമ്മദ് എന്ന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയത്.

ഷോപ്പിയാനിൽ നിന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ 19 കാരൻ ഷുസൈഫ് അഷറഫിനെയും പുൽവാമയിൽ നിന്ന് കൊണ്ടുപോയ 11കാരൻ നദീം മൻസൂർ ദറിനെയും വധിച്ചതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

വ്യാഴാഴ്ച കാണാതായ ഷുസൈഫ് അഷറഫിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ അടുത്ത ദിവസമാണ് കണ്ടെത്തിയത്. നദീം മൻസൂറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഭീകരർ പുറത്തുവിട്ടിരുന്നു. കൈകൾ രണ്ടും കെട്ടിയിട്ട് മൻസൂറിനെ ചോദ്യം ചെയ്യുന്നതും ഭീകരരിൽ ഒരാൾ തങ്ങളിലൊരാളെ എന്തിനാണ് ഒറ്റുകൊടുത്തതെന്നു ചോദിക്കുന്നതും ദൃശ്യത്തിലുണ്ട്. അയാൾ കൊല്ലപ്പെട്ടതിനു കാരണം വിദ്യാർത്ഥിയാണെന്ന് പറഞ്ഞതിനു പിന്നാലെ തുടരെ വെടിയുതിർക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിനു തൊട്ടടുത്ത ദിവസം മൻസൂറിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഭീകര സംഘടനയായ ഐസിസ് ശൈലിയിലായിരുന്നു ഹിസ്ബുൾ ഭീകരർ ക്രൂരത കാട്ടിയത്.

കാശ്മീരിലെ വിവിധ ജില്ലകളിൽ നിന്നായി ഇതിനോടകം അഞ്ചു നാട്ടുകാരെയും ഭീകരർ തട്ടിക്കൊണ്ടു പോയി. ഒരാളെ കൊലപ്പെടുത്തുകയും രണ്ടു പേരെ വിട്ടയയ്ക്കുകയും ചെയ്തു. ശേഷിക്കുന്നവരുടെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നലെ ഷോപിയാനിലുണ്ടായ വെടിവയ്പിൽ രണ്ടു ഭീകരരെ പൊലീസ് വെടിവച്ചു കൊന്നു. അൽ-ബാദർ ഭീകര സംഘടനയിൽപ്പെട്ടവരാണു കൊല്ലപ്പെട്ടത്.