bjp-protest-in-sabarimala

പത്തനംതിട്ട: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കുമെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത്. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം നാളെ പാസോ മറ്റു അനുമതികളോ കൂടാതെ പമ്പയിലെത്തുമെന്നും പൊലീസിന് തടയാമെങ്കിൽ തടയട്ടെയെന്നുമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ വെല്ലുവിളി. കേരളത്തിന് പുറത്തു നിന്ന് എം.എൽ.എമാർ എത്തും. ഇവരെയൊക്കെ അറസ്റ്റ് ചെയ്ത് അടയ്‌ക്കാൻ നിലവിലുള്ള ജയിലുകൾ പോരാതെ വരും. ശബരിമലയിലേക്ക് വഴി കാട്ടാൻ പൊലീസ് സഹായം ആവശ്യമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സായാഹ്ന ധർണയിലാണ് ശ്രീധരൻ പിള്ള പൊലീസിനെതിരെ വിമർശനം നടത്തിയത്.

ശബരിമലയിലേക്ക് പാസില്ലാതെ പോകുമെന്നായിരുന്നു ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്‌ണന്റെ വെല്ലുവിളി. ശബരിമലയിലും പരിസര പ്രദേശങ്ങളിലും പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തീർത്ഥാടകർ ലംഘിക്കണമെന്നും രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.

അതേ സമയം ശബരിമല സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ശബരിമലയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിവില്ലെങ്കിൽ ബി.ജെ.പി അതിന് തയ്യാറാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.