തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കണമന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേവസ്വം കമ്മിഷണർ, ഡി.ജി.പി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവർ പ്രശ്നത്തിൽ നേരിട്ട് ഇടപടണം. അടിയന്തര നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു.
ഇപ്പോൾ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതായി റിപ്പോർട്ടുണ്ടെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ നൽകിയ പരാതിയിലാണ് നടപടി.