attack

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിനു സമീപം രാജ സൻസി ഗ്രാമത്തിൽ പ്രാർത്ഥനാ യോഗത്തിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്കേറ്റു. അന്താരാഷ്ട്ര അതിർത്തിയിലൂടെ ഏഴ് ജെയ്ഷെ ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് പഞ്ചാബ് പൊലീസ് ശക്തമായ നിരീക്ഷണം നടത്തിവരുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് അജ്ഞാതർ യോഗത്തിൽ പങ്കെടുത്തവർക്കിടയിലേക്ക് ഗ്രനേഡ് എറിഞ്ഞെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

250ലേറെ പേർ ഹാളി‌‌ൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ഗ്രനേഡ് എറിഞ്ഞത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

പഞ്ചാബ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് രാജാസാൻസിയിലെ പ്രാർത്ഥനാ ഹാൾ സ്ഥിതി ചെയ്യുന്നത്.

സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്നും അമരീന്ദർ സിംഗ് അറിയിച്ചു.

ഇന്റലിജൻസ് വിവരം

ഏഴ് ജെയ്ഷെ ഭീകരർ പഞ്ചാബിന്റെ ഫിറോസാപൂർ അന്താരാഷ്ട്ര അതിർത്തിയിലൂടെ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും ഡൽഹിയിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നുമായിരുന്നു വിവരം. തുടർന്ന് പൊലീസ് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചായിരുന്നു ഇന്നലെ നടന്ന ഭീകരാക്രമണം.

സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. പൊറുക്കാനാകാത്ത അതിക്രമമാണിത്

-രാജ്നാഥ് സിംഗ്