തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഫേസ്ബുക്ക് പോസ്റ്റിലാണ് കണ്ണന്താനം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
ജനഹിതത്തിന് വിരുദ്ധമായ നയങ്ങൾ നടപ്പാക്കുന്ന സർക്കാരുകൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വർഷത്തേക്കാണ്. ആജീവനാന്തമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചെന്ന് സുരേന്ദ്രൻ മജിസ്‌ട്രേട്ടിനോട് പറഞ്ഞതായി ഞാൻ മനസിലാക്കുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവൃത്തി നിന്ദ്യവും അപലപനീയവുമാണ്. ശബരിമലയുടെ കാര്യത്തിൽ സർക്കാർ സമവായത്തിന്റെ പാത സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.