pnb

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾ നടപ്പുവർഷം ജൂലായ് - സെപ്‌തംബറിൽ കുറിച്ച സംയുക്ത നഷ്‌ടം 14,716.2 കോടി രൂപ. പൊതുമേഖലയിലെ 21 ബാങ്കുകളും ചേർന്ന് 2017ലെ സമാനപാദത്തിൽ കുറിച്ച നഷ്‌ടം 4,284.45 കോടി രൂപയായിരുന്നു. അതേസമയം, ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തെ അപേക്ഷിച്ച് നഷ്‌ടം 2,000 കോടി രൂപയോളം കുറഞ്ഞിട്ടുണ്ട്. 16,614.9 കോടി രൂപയായിരുന്നു ജൂൺപാദത്തിലെ നഷ്‌ടം.

കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് തുക (പ്രൊവിഷനിംഗ്) കൂടുന്നതാണ് പൊതുമേഖലാ ബാങ്കുകളുടെ ലാഭം കുറയാൻ കാരണം. ലാഭത്തിൽ നിന്നുള്ള വിഹിതമാണ് പ്രൊവിഷനിംഗിനായി വകയിരുത്താൻ ബാങ്കുകൾ നിർബന്ധിതരാകുന്നത്. പഞ്ചാബ് നാഷണൽ ബാങ്കാണ് 4,532.35 കോടി രൂപയുടെ നഷ്‌ടവുമായി കഴിഞ്ഞപാദത്തിലെ നഷ്‌ടക്കണക്കിൽ മുന്നിലുള്ളത്. കിട്ടാക്കടം തരണം ചെയ്യാൻ 9,750 കോടി രൂപയാണ് കഴിഞ്ഞപാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന് നീക്കിവയ്‌ക്കേണ്ടി വന്നത്.