padmakumar

1. ശബരിമലയിലെ നിയന്ത്റണത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം ബോർഡ്. ശബരിമലയിൽ ഇനി പകൽ നിയന്ത്റണം ഉണ്ടാകില്ലെന്ന് ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. നെയ്യഭിഷേകത്തിന് സമയം കൂട്ടി. പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഭക്തർക്ക് നെയ്യഭിഷേകം. മൂന്ന് മണിക്ക് മുൻപ് സന്നിധാനത്ത് എത്താനുള്ള സൗകര്യം ഒരുക്കും. മാദ്ധ്യമങ്ങളും ഭക്തരും ചൂണ്ടിക്കാട്ടുന്ന എന്ത് പ്രശ്നങ്ങളും പരിഹരിക്കാൻ തയ്യാറാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്.


2. പമ്പയിൽ പുനർ നിർമ്മാണ പ്റവർത്തനങ്ങൾ നടത്തിയത് യുദ്ധകാല അടിസ്ഥാനത്തിൽ. ബേസ് ക്യാമ്പായ നിലയ്ക്കലിൽ വിരിവയ്ക്കാൻ ഉൾപ്പെടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ 10000 പേർക്കു കൂടി വിരിവയ്ക്കാൻ സൗകര്യം ഒരുക്കും എന്നും എ. പദ്മകുമാർ. പ്രതികരണം, സംസ്ഥാന പൊലീസ് മേധാവിയുമായും എം.വി ജയരാജനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം. ശബരിമല സ്ത്രി പ്രവേശന വിഷയത്തിൽ സാവകാശം തേടി ദേവസ്വം ബോർഡ് നാളെ ഹർജി നൽകും.


3. ശബരിമലയിൽ തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കണം എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേവസ്വം കമ്മിഷണർ, ഡി.ജി.പി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ പരാതികളിൽ ഉടൻ പരിഹാരം കാണണം എന്നും നിർദ്ദേശം. നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മിഷൻ


4. കെ. സുരേന്ദ്രന്റെ അറസ്റ്റിൽ ബി.ജെ.പി പ്രതിഷേധങ്ങളെ വിമർശിച്ച് ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പി നേതാവ് ഇരുമുടിക്കെട്ട് നിലത്തിട്ടത് ദുഷ്ടലാക്കോടെ. രണ്ട് തവണ ഇരുമുടിക്കെട്ട് താഴെ വീഴുന്നതിന്റേയും എസ്.പി തിരികെ കെ. സുരേന്ദ്രന്റെ ചുമലിൽ വയ്ക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ മന്ത്റി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. മുൻപ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രൻ ഇന്ന് ശബരിമലയെ കലാപ കേന്ദ്രം ആക്കാൻ ആണ് ശ്രമിക്കുന്നത് എന്നും മന്ത്റി


5. കെ. സുരേന്ദ്രൻ പറയുന്നത് കള്ളക്കഥ. ചിറ്റാർ പൊലീസ് സുരേന്ദ്രന് മരുന്നും ഭക്ഷണവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതെല്ലാം മനസിലാകും. കെ. സുരേന്ദ്രന്റെ അമ്മ മരിച്ചത് നാല് മാസം മുൻപ്. ആചാരങ്ങളിൽ വിശ്വസിക്കുന്നവർ ആറ് മാസത്തിനു ശേഷമേ ക്ഷേത്ര ദർശനം നടത്താൻ പാടുള്ളൂ എന്നും മന്ത്റി


6. സുരേന്ദ്രന്റെ അറസ്റ്റിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിരോധനാജ്ഞ ലംഘിച്ചാൽ അറസ്റ്റ് ചെയ്യുക എന്നത് പൊലീസ് സ്വീകരിക്കുന്ന സ്വാഭാവിക നടപടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ നിർദേശം നൽകിയത്. നിരോധനാജ്ഞ ലംഘിച്ചാൽ പൊലീസ് അറസ്റ്റ് ചെയ്യും. ഇപ്പോൾ നടക്കുന്നതു ബി.ജെ.പിയുടെ അജൻഡ നടപ്പാക്കാനുള്ള നീക്കമാണ്. ഇത് ജനങ്ങൾ ചെറുത്തു തോൽപ്പിക്കും. വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമം എന്നും കോടിയേരി


7. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ ആരംഭിച്ച മണ്ഡലകാല പൂജയുടെ രണ്ടാം ദിവസവും ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്. അവധി ദിവസമായ ഇന്ന് കൂടുതൽ മലയാളി തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് എത്തിയത്. അപ്പം, അരവണ ഉത്പാദനം താല്കാലികമായി നിറുത്തിവച്ചു. കാണിക്ക വരുമാനത്തിലും കുറവ്


8. കഴിഞ്ഞ വൃശ്ചിക പുലരിയിൽ ഒരുലക്ഷത്തിൽ അധികം തീർത്ഥാടകർ എത്തിയെന്നാണ് കണക്ക്. ഇക്കുറി അത് പകുതിയായി കുറഞ്ഞു. പുലർച്ചെ നടതുറക്കുമ്പോൾ മിക്ക ദിവസങ്ങളിലും തീർത്ഥാടക നിര മരക്കൂട്ടം വരെ നീളാറുണ്ട്. ഇത്തവണ നടതുറന്ന ദിവസം തന്നെ ഭക്തരുടെ എണ്ണം കുറഞ്ഞത് വരും ദിവസങ്ങളിലും പ്രകടമാകുമെന്നാണ് കണക്കാക്കുന്നത്. ശബരിമലയിലെ സംഘർഷാവസ്ഥ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങളെ അകറ്റുന്നുണ്ട്.


9. പമ്പയിൽ ചെറുവാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതും നിലയ്ക്കലിൽ തീർത്ഥാടകരെ തടയുന്നതും മുൻവർഷങ്ങളിലെ പോലെ രാത്രിയിൽ മലകയറാൻ കഴിയാത്തതും ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതും കാരണങ്ങളാണ്. നിയന്ത്റണങ്ങൾ കാരണം യഥാസമയം ദർശനം നടത്തി മടങ്ങാൻ കഴിയുമോ എന്ന ആശങ്ക ട്രെയിനിൽ റിസർവ് ചെയ്ത് വന്നിരുന്നവരേയും മാറിനിൽക്കാൻ നിർബന്ധിതരാക്കുന്നു.


10. കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാതാ ഉപരോധത്തിൽ വലഞ്ഞ് യാത്രക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്ന ഉപരോധം നീണ്ടു നിന്നത് ഒന്നര മണിക്കൂറോളം. തിരുവനന്തപുരത്ത് ഓവർ ബ്രിഡ്ജ്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ ഉപരോധത്തെ തുടർന്ന് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മദ്ധ്യകേരളത്തിലും വ്യാപക വഴിതടയൽ ഉണ്ടായി


11. എറണാകുളത്ത് അങ്കമാലി, വൈറ്റില, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഉപരോധം നടന്നു. പൊലീസ് വഴി തിരിച്ചുവിട്ട വാഹനങ്ങൾ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉപരോധവും ഒന്നര മണിക്കൂർ നീണ്ടു നിന്നു. മലബാർ മേഖലയിലെ ഉപരോധവും യാത്രക്കാരെ വലച്ചു