ന്യൂഡൽഹി: രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി മോഷണക്കേസിലെ പ്രതിയായ അനിലിനെ (24) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച്ച അർദ്ധരാത്രിയാണ് സംഭവം.
ഡൽഹി കൊട്ട്വാലി ഭാഗത്തെ നടപ്പാതയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ അനിൽ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച പുലർച്ചെ 2.30നാണ് കുട്ടിയെ കാണാതായ വിവരം അമ്മ അറിയുന്നത്.
കുട്ടിയെ പലയിടത്തും തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇവർ ഇന്നലെ പൊലീസിന് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ശനിയാഴ്ച ഉച്ചയോടെ ഡൽഹിയിലെ ഒരു ആശുപത്രിയിൽ രണ്ടുവയുള്ള പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. കട്ട്വാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. പട്രോളിംഗിനിടെ റെയിൽവേ ട്രാക്കിൽ കുട്ടിയെ കണ്ടെത്തിയ പൊലീസുകാരൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടി അപകടനില തരണം ചെയ്തു.