ശബരിമല: കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്ന ശബരിമല സന്നിധാനത്തെ വലിയനടപ്പന്തൽ നിരോധനാജ്ഞ ലംഘിച്ച് കൈയേറി നാമജപം നടത്തിയ ജനക്കൂട്ടത്തിൽനിന്ന് അമ്പത്തഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്. ഭക്തർക്ക് സഞ്ചരിക്കാനും വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള നടപ്പന്തൽ പൊലീസ് കൈയടക്കിവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി പത്തേകാലോടെയാണ് അഞ്ഞൂറോളം കർമ്മ സമിതിപ്രവർത്തകരും ഭക്തരും കൂട്ടമായെത്തി ഇവിടെ നാമജപം നടത്തിയത്.
ഹരിവരാസനം ചൊല്ലി നടയടച്ചതോടെ നാമജപം നിറുത്തി പിരിഞ്ഞുപോകാൻ ശ്രമിച്ചപ്പോൾ കർമ്മ സമിതി പ്രവർത്തകനായ രാജേഷിനെ സന്നിധാനം എസ്.പി. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ് രംഗം വഷളാക്കിയത്. അറസ്റ്ര് ചെയ്യുന്നെങ്കിൽ മുഴുവൻ പേരെയും അറസ്റ്ര് ചെയ്യണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. ഇതോടെ പ്രവർത്തകരും പൊലീസും പരസ്പരം വാക്കേറ്റമായി. കസ്റ്രഡിയിൽ എടുത്ത രാജേഷിനെ ഇതിനിടയിൽ ഭക്തർ വലയം തീർത്ത് മാളികപുറം ഭഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എസ്.പിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പൊലീസും ഇവർക്ക് പിന്നാലെ നീങ്ങി. പ്രവർത്തകരുടെ പ്രതിഷേധത്തിനുമുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പതറിയ പൊലീസ് ഒടുവിൽ ഇരുപത്തഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവരെ പാതിരാത്രിയിൽ പമ്പയിലെ സ്റ്റേഷനിലേക്കു പിടിച്ചുവലിച്ചും നടത്തിയും കൊണ്ടുപോവുകയായിന്നു. സന്നിധാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ അറസ്റ്റ് നടക്കുന്നത്. സംഘർഷത്തിനിടെയിൽ പരിക്കേറ്ര ഭക്തനെ സന്നിധാനത്തെ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.