sabarimala-protest

പത്തനംതിട്ട∙ ചരിത്രത്തിലാദ്യമായി ശബരിമലയിൽ അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പടരുന്നു. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ശബരിമലയിൽ നാമജപം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

മാളികപ്പുറത്തു വിരിവയ്ക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടർന്നാണു രാത്രി നാമജപ പ്രതിഷേധം നടന്നത്. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും നാമജപ പ്രതിഷേധം തുടർന്നതോടെയാണ് ഭക്തരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. 55 പേരെയാണ് രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. ഇവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ച് പൊലീസ് വാഹനത്തിൽ കയറ്റികൊണ്ടുപോയി.

ഇതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രതിഷേധങ്ങൾ ആരംഭിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലേക്ക് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം നന്ദൻകോടിന് സമീപം ദേവസ്വംബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഇവർ അവിടെയിരുന്ന് നാമജപ പ്രതിഷേധം നടത്തി. പാറശാല പൊലീസ് സ്റ്റേഷന് മുന്നിലും നാമജപ പ്രതിഷേധം നടന്നു. തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ ഇടുക്കി,​ എറണാകുളം,​ കണ്ണൂർ,​ എന്നിവിടങ്ങളിലും നാമജപ പ്രതിഷേധം തുടരുകയാണ്. ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുളള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

എന്നാൽ നിരോധനാജ്ഞ നിലവിലുളളതിനാലാണ് നടപടി വേണ്ടിവന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസ് തീർത്ഥാടകർക്ക് എതിരല്ലെന്നും എസ്.പി പ്രതിഷ്‌കുമാർ പറഞ്ഞു.