പമ്പ:ഭക്തരെ അനങ്ങാൻ പോലും അനുവദിക്കാതെ സർക്കാർ ശബരിമലയിൽ പൊലീസ് രാജ് നടപ്പാക്കിയിരിക്കുകയാണെന്നും തികഞ്ഞ ആചാരലംഘനമാണ് ശബരിമലയിൽ നടക്കുന്നതെന്നും കോൺഗ്രസ് എം.എൽ.എമാർ കുറ്റപ്പെടുത്തി.
മുൻ മന്ത്രിമാർ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി. എസ്.ശിവകുമാർ എന്നിവരാണ് ഇന്നലെ ശബരിമലയിലെ സൗകര്യങ്ങളും ഭക്തരുടെ ബുദ്ധിമുട്ടുകളും അറിയാൻ എത്തിയത്. ആദ്യം പമ്പയിലെ സൗകര്യങ്ങൾ സംഘം വിലയിരുത്തി. പിന്നീട് അടൂർ പ്രകാശും വി. എസ്.ശിവകുമാറും സന്നിധാനത്തും എത്തി.
പമ്പയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ഭക്തർക്കായി സർക്കാർ ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു. പ്രളയത്തിലെ മണൽ നീക്കിയില്ല.നിലവിലുളള സൗകര്യം പോലും ശരിയായിട്ടില്ല. ശൗചാലയം തകർന്നു. അടിസ്ഥാന സൗകര്യം ഒരുക്കാത്തതിലെ വീഴ്ച മറയ്ക്കാൻ സർക്കാർ പൊലീസിനെ ഉപയോഗിച്ച് ഭക്തരെ നിയന്ത്രിക്കുകയാണ്. പകൽ നിയന്ത്രണം പിൻവലിക്കണം. ജനങ്ങളോട് മര്യാദ പുലർത്തുന്നില്ല. രാഷ്ട്രീയാടിസ്ഥാനത്തിൽ ആളെ തടയുന്നത് ശരിയല്ല.
ഭക്തരെ നിയന്ത്രിക്കാൻ 15000 പൊലീസിനെ ഇറക്കിയത് അംഗീകരിക്കാനാവില്ല. നിലക്കൽ പോലും സൗകര്യമില്ല. കെ. എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർ ബുദ്ധിമുട്ടുന്നു. അശുപത്രിയിൽ സൗകര്യം ഒരുക്കിയില്ല. ഭക്തർക്ക് പൊലീസ് കൂച്ചുവിലങ്ങിട്ടത് കാരണം ശബരിമലയിലെ വരുമാനം നാലിലൊന്നായി കുറഞ്ഞു. ശബരിമലയിലെ വരുമാനത്തിലാണ് 1260 ക്ഷേത്രങ്ങളുടേയും 6000 ജീവനക്കാരുടേയും നിലനിൽപ്പ്. ക്ഷേത്ര പരിഗണന മറന്ന് പൊലീസിന് ലാത്തിയും, ഷീൽഡും, ബൂട്ടും ലതർ ബൽറ്റും നൽകി. സ്വാമിയെന്ന് വിളിക്കാൻ പൊലീസിനെ വിലക്കിയതോടെ പൊലീസും ഭക്തരും തമ്മിലുള്ള സാഹോദര്യം നഷ്ടമായി. ഇതൊക്കെ അടുത്ത നിയമസഭാ സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കും.
കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും തങ്ങൾ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും കെ. പി. സി. സി ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, എ.സുരേഷ്‌കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.