narendra-modi

ന്യൂഡൽഹി:ഗുജറാത്ത് കലാപ കേസിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റ വിമുക്‌തനാക്കിയതിന് എതിരെയുള്ള ഹ‌ർജി ഇന്ന് സുപ്രീം കോടതിയിൽ പരിഗണിക്കും. കലാപ കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് മോദിക്കെതിരെ ക്ലീൻചിറ്റ് നൽകിയത്. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നൽകിയ ഹർജിയാണ് പരിഗണിക്കുക.

2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയടക്കമുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്ക് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയതിന് എതിരെയാണ് കേസ്. കലാപം നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നാണ് ഹർജിക്കാരുടെ ആരോപണം.

പ്രധാനമന്ത്രിക്ക് ക്ളീൻചിറ്റ് നൽകിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽകർ അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്.ഐ.ടി റിപ്പോർട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സാക്കിയ ജാഫ്രിയുടെ ഹർജി. സാഖിയ ജാഫ്രി സമ‌ർപിച്ച ഹർജി കഴിഞ്ഞ വർഷം ഗുജറാത്ത് ഹെെക്കോടതി തള്ളിയിരുന്നു. ശേഷം ഹ‌ർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.