സന്നിധാനം: ദർശനം കഴിഞ്ഞാൽ വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നൽകി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സന്നിധാനത്തേക്ക് തിരിച്ചു. രാവിലെ എരുമേലിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്ക് തിരിച്ച ശശികലയെയും കൂട്ടരെയും നിലയ്‌ക്കലിൽ വച്ച് എസ്.പി.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.
സന്നിധാനത്തേക്ക് പോകാൻ തടസമില്ലെന്നും എന്നാൽ അവിടെ എത്തിയാൽ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും പൊലീസ് സംഘം ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം രേഖാമൂലം എഴുതി നൽകിയ ശേഷമാണ് ശശികലയെ പോകാൻ അനുവദിച്ചത്. ഇതിനിടയിൽ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട രണ്ട് യുവാക്കളെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌ത് നീക്കി. പിന്നീട് ശശികലുടെ കൂടെ വന്നവരാണ് ഇവരെന്ന് മനസിലാക്കിയതോടെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം സന്നിധാനത്ത് ഉണ്ടായ പ്രശ്‌നങ്ങളുടെ ഭാഗമായിട്ടാണോ ശശികല പോകുന്നത് എന്നാണ് അവരോട് ചോദിച്ചതെന്ന് പിന്നീട് എസ്.പി.യതീഷ്ചന്ദ്ര വിശദീകരിച്ചു. വൈകുന്നേരം തിരിച്ചെത്താമെന്ന് ശശികല ഉറപ്പ് നൽകിയിട്ടുണ്ട്. സന്നിധാനത്തേക്ക് പോകുന്നതിന് ഭക്തർക്ക് യാതൊരു വിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ആയിരക്കണക്കിന് ഭക്തന്മാർ ഒരു പ്രശ്‌നവുമില്ലാതെ സന്നിധാനത്തേക്ക് പോകുന്നില്ലേ, ഇതിൽ ചിലരെ മാത്രം തടയുന്നത് എന്തിനാണെന്ന് സാമാന്യ യുക്തിയുള്ളവർക്ക് മനസിലാകും. ഭക്തരുടെ സൗകര്യങ്ങളാണ് പൊലീസിന് പ്രധാനം. ഞങ്ങൾ പാർട്ടിക്കാർ മാത്രം സന്നിധാനത്ത് പോയി തമ്പടിക്കും മറ്റുള്ളവർ അങ്ങോട്ട് വരേണ്ട എന്നൊക്കെ പറയുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.