sreedharan-pilla-

കോഴിക്കോട്: ശബരിമല സന്നിധാനത്തെ വലിയനടപ്പന്തലിൽ നിന്ന് നിരോധനാജ്ഞ ലംഘിച്ച് നാമജപം നടത്തിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കൂട്ട് അറസ്റ്ര് നടത്തിയതിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ ബി.ജെ.പി ആവിശ്യപ്പെടുന്നുവെന്ന് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീധരൻപിള്ള ചോദിച്ചു. 144 ലംഘിക്കാനുള്ള അവകാശം ജനങ്ങൾക്കില്ലേയെന്നും അങ്ങനെ ലംഘിച്ചാൽ പെറ്റി കേസാണ് എടുക്കേണ്ടതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അറസ്റ്റ് അധികാരം ദുരുപയോഗപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കേണ്ട കാര്യം ബി.ജെ.പി പരിഗണിക്കും. നിരോധനാജ്ഞ ശബരിമലയിൽ അനാവശ്യമാണ്. നിരോധനാജ്ഞ നിലനിൽക്കുമ്പോൾ കൂട്ടായി ഒരു വാഹനത്തിൽ ഒരു ഗുരുസ്വാമിയുടെ കീഴിൽ ഒന്നിച്ചു വരുന്നവർക്ക് പല തട്ടുകളിലായി പോകാൻ സാധിക്കുമോ. ഗുരുസ്വാമിമാരുടെ അവകാശമല്ലെ അവരെ ഒരമിച്ച് സന്നിധാനത്ത് എത്തിക്കേണ്ടത്- ശ്രീധരൻപിള്ള പറഞ്ഞു.

'ഐ.പി.എസ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണ്. പേരക്കുട്ടികൾക്ക് ചോറ് കൊടുക്കാൻ പോയ കെ.പി.ശശികലയെ എസ്‌.പി യതീഷ് ചന്ദ്രയ്ക്ക് വഴിയിൽ തടയേണ്ട കാര്യമെന്തായിരുന്നു? പൊലീസിന്റെ കൈയിൽ നിന്ന് അയ്യപ്പഭക്തർക്ക് നീതി കിട്ടുന്നില്ലെന്നതിന്റെ തെളിവാണിത്. മനുഷ്യാവകാശങ്ങളുടെ പ്രേതഭൂമിയായി കേരളം മാറുകയാണ്'-ശ്രീധരൻ പിള്ള പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാർക്ക് മജിസ്‌ട്രേറ്റുമാരുടെ അടുത്ത് നിന്ന് പോലും നീതി കിട്ടുന്നില്ല. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ പിണറായിയുടെ ചട്ടുകമായി മാറുകയാണ്. അതുകൊണ്ടാണ് കെ.സുരേന്ദ്രന് ജയിലിൽ പോകേണ്ടി വന്നത്. സന്നിധാനത്തെ ഈ നിയന്ത്രണങ്ങൾക്കും ഇന്നലത്തെ കൂട്ട അറസ്റ്റിനുമെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.