നിലയ്ക്കൽ: ശബരിമലയിലെ സംഘർഷങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ആരോപിച്ചു. ശബരിമലയെ സർക്കാർ സംഘർഷ ഭൂമിയാക്കി മാറ്റിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സന്ദർശനത്തിനെത്തിയ കണ്ണന്താനം നിലയ്‌ക്കലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അയ്യപ്പഭക്തരോട് ഇത്തരത്തിൽ പെരുമാറാൻ അവർ തീവ്രവാദികളല്ല. എന്തുകൊണ്ടാണ് പൊലീസ് ഇങ്ങനെ പെരുമാറിയതെന്ന് പരിശോധിക്കണം. കേരളം പൊലീസ് ഭരണത്തിന് കീഴിലാണെന്ന പ്രതീതിയാണുള്ളത്. നാമജപം നടത്തി പ്രതിഷേധിക്കുന്നതിനാണ് ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തിൽ നടക്കുന്ന കാര്യമല്ല.
ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതുമൂലം ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പേരുടെ തൊഴിൽ നഷ്ടപ്പെട്ടു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസ് കോടതിയുടെ മുൻപിലാണുള്ളത്. അതിൽ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നൽകിയ 100 കോടി ചെലവഴിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനാണ് സന്ദർശനമെന്നും കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ശബരിമലയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.