തിരുവനന്തപുരം: സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധവും അതിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വിശദീകരണം തേടി. ഐ.ജി.വിജയ് സാഖറെ, സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ പ്രതീഷ് ചന്ദ്രൻ എന്നിവർക്കാണ് ഡി.ജി.പി നോട്ടീസ് നൽകിയത്. നാമജപ പ്രതിഷേധം നടത്തിയവരെ ബലപ്രയോഗത്തിലൂടെ നീക്കിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നാണ് പ്രതീഷ് ചന്ദ്രനോട് ഡി.ജി.പി ചോദിച്ചിരിക്കുന്നത്. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും എന്തുകൊണ്ട് സന്നിധാനം സന്ദർശിച്ചിട്ടില്ലെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് സാഖറെയ്‌ക്ക് നോട്ടീസ് നൽകിയത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങളും അതിനെത്തുടർന്നുണ്ടായ സംഘർഷവും അറസ്‌റ്റും വിശദീകരിക്കാൻ പൊലീസ് ഏറെ വിയർക്കേണ്ടി വരും. ഇത്രയധികം സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടും സംഘടിതമായ പ്രതിഷേധം ഉണ്ടായത് സുരക്ഷാവീഴ്‌ചയാണെന്നാണ് വിലയിരുത്തൽ. ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കിയവർ അടക്കമുള്ള നേതാക്കളെ സന്നിധാനത്തേക്ക് കടത്തി വിട്ടത് പൊലീസിന്റെ വൻ വീഴ്‌ചായിട്ടും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് മരക്കൂട്ടത്തെ സ്‌പെഷ്യൽ ഓഫീസർ കന്റോൺമെന്റ് എസ്.പി സുദർശനെ അവിടെ നിന്നും മാറ്റി. പകരം എങ്ങോട്ടാണ് നിയമനമെന്ന് അറിയിച്ചിട്ടില്ല. സംഘടനാ നേതാക്കളെ പരിശോധനയില്ലാതെ കടത്തിവിട്ടുവെന്നാണ് സുദർശനെതിരെയുള്ള ആരോപണം.
അതിനിടെ കഴിഞ്ഞ ദിവസം നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാമജപങ്ങൾ നടക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധക്കാർ കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. ഇന്നും പ്രതിഷേധം തുടരാൻ തന്നെയാണ് ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ തീരുമാനം.