കണ്ണൂർ: ശബരിമലയിൽ നടക്കുന്ന സംഘർഷങ്ങൾ ബി.ജെ.പിയും ആർ.എസ്.എസും പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുലാമാസ പൂജ സമയത്തും ചിത്തിരആട്ട വിശേഷ സമയത്തും അവിടെ ഗുണ്ടകളും കൊലയാളികളും അഴിഞ്ഞാടിയതുപോലെ ഒരു അവസരം ഉണ്ടാക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. അവർ എല്ലാവരും വളരെ ഹാപ്പിയാണെന്ന് മന്ത്രി പറഞ്ഞു. രാഹുൽ ഈശ്വറിനെ പോലെ ചോരയും മൂത്രമും സന്നിധാനത്ത് വീഴ്ത്താൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് പൊലീസ് ഇത്തരത്തിൽ നിർബന്ധ ബുദ്ധിയോടെ പ്രവർത്തിക്കുന്നത്. രാജ്യത്ത് ഒരു പൊലീസും ഇത്തരത്തിൽ സഹിക്കുകയില്ല. ശബരിമലയെ എന്തായാലും ആർ.എസ്.എസിനെ ഏൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അത് അയ്യപ്പ ക്ഷേത്രമാണ്. അത് ആർ.എസ്.എസിന് തീറെഴുതിക്കൊടുക്കാൻ പറ്റുമോ. അവരുടെ നിലപാടുകൾ കാലങ്ങളായി മാറിക്കൊണ്ടിരിക്കുകയല്ലെ- കടകംപള്ളി പറഞ്ഞു.
ആർ.എസ്.എസും ബി.ജെ.പിയും ആസൂത്രണം ചെയ്യുന്ന കാര്യങ്ങളാണ് ശബരിമലയിൽ നടക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കുമറിയാം. ആചാരവും അനുഷ്ഠാനവും അല്ല ശബരിമലയിൽ ആർ.എസ്.എസിന്റെ പ്രശ്‌നം അടുത്ത തിരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ടുകൾ മാത്രമാണ്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആർ.എസ്.എസ് ശ്രമമാണ് ശബരിമലയിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.