central-forces

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ നേരിടാൻ കേന്ദ്രസേനയുടെ സഹായം തേടുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ചർച്ചകൾ ഇടതുമുന്നണിയിൽ നടന്നതായും സി.പി.എമ്മും സി.പി.ഐയും തമ്മിൽ ആശയവിനിമയം നടത്തിയതായും ഒരു മലയാള മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ സർക്കാരോ ഇടതുമുന്നണിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവിൽ ശബരിമലയിലെ വിഷയങ്ങൾ ബി.ജെ.പിയും സംഘപരിവാരും മുതലെടുക്കുന്നുവെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഭക്തരുടെ പേരിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നിലും ബി.ജെ.പിയാണെന്നാണെന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ളവരും ആരോപിക്കുന്നു. കേന്ദ്രസേനയെ ശബരിമലയിൽ അടക്കം വിന്യസിച്ചാൽ ബി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങളുടെ മുനയൊടിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ശബരിമല വിധിയിൽ സാവകാശം തേടി ദേവസ്വം ബോർഡ് സമർപ്പിച്ചിരിക്കുന്ന സാവകാശ ഹർജിയിൽ തീരുമാനമായതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്നാണ് നിലവിലെ ധാരണ.

അതേസമയം, യുവതീ പ്രവേശനത്തെ ഏത് വിധേനയും തടുക്കാനാണ് ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ തീരുമാനം. യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രതിഷേധം കടുപ്പിച്ച് കേരളം മുഴുവൻ സ്‌തംഭിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇങ്ങനെ വന്നാൽ പ്രതിഷേധക്കാരെ നേരിടാൻ കേരള പൊലീസിന് മാത്രം കഴിയില്ലെന്നും കേന്ദ്രസേനയുടെ സഹായം ആവശ്യമായി വരുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസേനയുടെ സഹായം തേടാൻ ഇനിയും വൈകേണ്ടതില്ലെന്ന അഭിപ്രായവും ഇടതുമുന്നണിയിൽ ഉയരുന്നുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്താലയം സംസ്ഥാന സർക്കാരിന് അയച്ച കത്തും ചിലർ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിൽ വേണ്ട മുൻകരുതലും ക്രമസമാധാനപാലന, സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണമെന്നായിരുന്നു മന്ത്രാലയത്തിന്റെ നിർദ്ദേശം.

അതേസമയം, കേന്ദ്രസേനയുടെ സഹായം തേടിയാൽ അത് സംസ്ഥാന പൊലീസിന്റെ പരാജയമായി വിലയിരുത്തപ്പെടുമെന്ന വാദവും ഉയരുന്നുണ്ട്. രാജ്യദ്രോഹ പ്രവർത്തനങ്ങൾ, അതിർത്തി പ്രശ്‌നങ്ങൾ, തിരഞ്ഞെടുപ്പ് സംഘർഷങ്ങൾ തുടങ്ങിയ ഗുരുതര സ്ഥിതി വിശേഷങ്ങൾ തടയാൻ മാത്രമാണ് കേന്ദ്രസേന ഇടപെടാറുള്ളത്. പ്രളയ കാലത്ത് പോലും കേന്ദ്രസേനയുടെ സേവനം സംസ്ഥാന സർക്കാർ തേടിയിരുന്നില്ല. ഈ ആക്ഷേപങ്ങളും കണക്കിലെടുത്തുള്ള തീരുമാനമാകും വരും ദിവസങ്ങളിൽ സ്വീകരിക്കുകയെന്നാണ് വിവരം.