gyan-dev-ahuja

ന്യൂ‌ഡൽഹി:രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഗ്യാൻ ദേവ് അഹൂജ പാ‌ർട്ടി അംഗത്വം രാജിവച്ചു. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഹൂജയ്‌ക്ക് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ബി.ജെ.പിയുടേത് ഏകാധിപത്യപരമായ മനോഭാവമാണ്. ഇതിൽ പ്രതിഷേധിച്ച് ഞാൻ പാ‌ർടിയുടെ പ്രാഥമിക അംഗത്വം രാജിവയ്‌ക്കുന്നു. എന്നാൽ,രാമ ജന്മഭൂമി, ഗോ സംരക്ഷണം, ഹിന്ദുത്വ എന്നിവയ്‌ക്കായി ഞാൻ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ബി.ജെ.പിയുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. മൂന്ന് ലിസ്റ്റുകളിലായി 200 സ്ഥാനാർത്ഥികളിൽ 170 പേരെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ നിരവധി സംസ്ഥാന എം.എൽ.എമാർ രാജിവച്ചിരുന്നു.

വിവാദ പരാമ‌ർശങ്ങളിലൂടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് അഹൂജ. മുമ്പ് ജെ.എൻ.യുവിൽ നടത്തിയ പരാമർശം വിവാദത്തിന് വഴിവെച്ചിരുന്നു. 'യൂണിവേഴ്സിറ്റി ക്യാംപസിനകത്ത് നിന്ന് 50,000 അസ്ഥികളും, 3,000 ഉപയോഗിച്ച കോണ്ടങ്ങളും,500 അബോർഷൻ കിറ്റുകളും,10,000 സിഗരറ്റ് കുറ്റികളും ദിവസേനെ കണ്ടെടുക്കാറുണ്ടെന്നും, ആൺകുട്ടികളും പെൺകുട്ടികളും നഗ്നരായി നൃത്തം ചെയ്യാറുണ്ടെന്നും അന്ന് അഹൂജ പറഞ്ഞിരുന്നു. മറ്റൊരു പരാമ‌ർശം പശുക്കളുടെ വിഷയത്തിലായിരുന്നു. പശുക്കടത്തുകാരെ കയ്യിൽ കിട്ടിയാൽ തല്ലണമെന്നും,ശേഷം മരത്തിൽ കെട്ടിയിട്ട് പോലീസിനെ അറിയിക്കണമെന്നും ആഹ്വാനം ചെയ്തു. ആൾക്കൂട്ടം കൊലപ്പെടുത്തിയ പെഹ്ലുഖാന്റെ മരണത്തിൽ യാതൊരു കുറ്റബോധത്തിന്റെയും ആവശ്യമില്ല. പാപികളുടെ വിധി മുമ്പും ഇതുതന്നെയായിരുന്നു. ഇനിയും ഇതുതുടരു'മെന്നും അദ്ദേഹം പറഞ്ഞിരുന്നു.