കോഴിക്കോട്: ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ആർ.എസ്.എസ് പദ്ധതിയിട്ടിരുന്നെന്നും സംഘർഷം സൃഷ്ടിക്കാൻ ചിലർ മന:പ്പൂർവം ശബരിമലയിൽ എത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് സംഘടിപ്പിച്ച കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല. കോടതി പറയുന്നതിനൊപ്പം നിൽക്കാതെ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. സ്ത്രീക്ക് ആരാധന സ്വാതന്ത്ര്യം ഉണ്ടെന്നാണ് കോടതി പറയുന്നത്- മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് പറയാനൊക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കുഴപ്പം കാണിക്കാൻ വരുമ്പോൾ അതിന് കൂട്ടുനിൽക്കാൻ ആകുമോ. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാൽ എന്തോ സംഭവിക്കുമെന്ന് ചിലർ കരുതുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.